ദുൽഖർസൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം 'കുറുപ്പി'ലൂടെ മലയാളി സിനിമാപ്രേമികൾക്ക് സുപരിചിതയായ നടിയാണ് ശോഭിത ധുലിപാല. മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവനി'ലും ശോഭിത തിളക്കമാർന്ന പ്രകടനം കാഴ്‌ചവച്ചിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങിയിരിക്കുകയാണ് താരം (Sobhita Dhulipala Hollywood debut Monkey Man).
ശോഭിത ധുലിപാല നിർണായക വേഷത്തിലെത്തുന്ന 'മങ്കി മാൻ' സിനിമയുടെ ട്രെയിലർ പുറത്തുവന്നു (Monkey Man Official Trailer out). ശോഭിത ധുലിപാലയുടെ ആദ്യ ഹോളിവുഡ് ചിത്രമായ 'മങ്കി മാൻ' ദേവ് പട്ടേലാണ് (Dev Patel) സംവിധാനം ചെയ്യുന്നത്. 'സ്ലം ഡോഗ് മില്ല്യണയർ' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനസിൽ ഇടംനേടിയ ദേവ് പട്ടേൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മങ്കി മാൻ'. ദേവ് പട്ടേൽ തന്നെയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും.
ഇപ്പോൾ പുറത്തുവന്ന ട്രെയിലർ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ്. അത്യുഗ്രൻ ഫൈറ്റ് സ്വീക്വൻസുകളും സസ്‌പെൻസ് നിറഞ്ഞ രംഗങ്ങളും നിറഞ്ഞതാണ് ട്രെയിലർ. ഏതായാലും ശോഭിതയുടെ ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
തന്‍റെ അമ്മയെ വകവരുത്തിയവർക്ക് എതിരെയുള്ള നായകന്‍റെ പോരാട്ടത്തിന്‍റെ കഥയാകും ഈ ചിത്രം പറയുക എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. 'മങ്കി മാന്‍റെ' കഥ, തിരക്കഥ ഒരുക്കിയതും ദേവ് പട്ടേൽ തന്നെയാണ്. പോൾ അങ്കുണാവെലാ, ജോൺ കോളീ എന്നിവർക്കൊപ്പമാണ് ദേവ് പട്ടേൽ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
മകരന്ദ് ദേശ്‌പാണ്ഡേ, സികന്ദർ ഖേർ, ഷാൾട്ടോ കോപ്ലേ, പിറ്റോബാഷ്, അദിതി കുൽക്കാണ്ടേ, അശ്വിനി ഖലേസ്‌കർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ദേവ് പട്ടേലും ജോമോൻ തോമസും ചേർന്നാണ് 'മങ്കി മാൻ' സിനിമയുടെ നിർമാണം. ഈ വർഷം ഏപ്രിൽ അഞ്ചിന് 'മങ്കി മാൻ' പുറത്തിറങ്ങും.