പത്തനംതിട്ട: 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് വന്‍ ഭക്തജന പ്രവാഹം തുടരുകയാണ്. കാനനവാസനായ അയ്യപ്പ സ്വാമിയെ കണ്ടുവണങ്ങാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് എത്തുന്നത്. ഇതിനകം തന്നെ പരമ്പരാഗത വീഥികളിലൂടെ പ്രയാണം തുടരുന്ന തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 25ന് വൈകിട്ട് സന്നിധാനത്തെത്തും.
പട്ടാംബരം ചുറ്റി ചിന്മുദ്രയിലിരിക്കുന്ന അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി നടത്തുന്ന ദീപാരാധനയാണ് സന്നിധാനത്ത് ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്ന്. 25 ന് വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തന്‍ അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തും. തുടര്‍ന്ന് ഡിസംബര്‍ 26നാണ് തങ്ക അങ്കി ചാർത്തി ഭഗവാന് മണ്ഡലപൂജ നടത്തുക. അതോടെ ഈ വര്‍ഷത്തെ മണ്ഡല വിളക്ക് ചടങ്ങുകൾ സമാപിക്കും.
ശബരിമല ശ്രീധര്‍മ ശാസ്‌താവിന് ചാര്‍ത്തുവാനായി തിരുവിതാംകൂര്‍ മഹാരാജാവ് പ്രാര്‍ഥിച്ച് സമര്‍പ്പിച്ച് നടയ്ക്കുവച്ച തങ്ക അങ്കി മണ്ഡലപൂജാ വേളയിലാണ് അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുക. തിരുവാറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കിയും വഹിച്ച് സന്നിധാനത്തേക്ക് നടത്തുന്ന ആചാര പരമായ യാത്രയാണ് തങ്ക അങ്കി ഘോഷയാത്ര എന്ന് അറിയപ്പെടുന്നത്.
നാലു ദിവസം നീളുന്ന തങ്ക അങ്കി ഘോഷയാത്ര ആറന്മുള ശ്രീ പാര്‍ത്ഥ സാരഥീ ക്ഷേത്രത്തില്‍ നിന്ന് ഞായറാഴ്‌ച രാവിലെ ഏഴിനാണ് പുറപ്പെട്ടത്. പുലര്‍ച്ചെ അഞ്ച് മുതല്‍ ഏഴു വരെ ക്ഷേത്രാങ്കണത്തില്‍ ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കാനുള്ള അവസരം നല്‍കിയ ശേഷമാണ് ആദ്യ ദിവസം ഘോഷയാത്ര പുറപ്പെട്ടത്. അലങ്കരിച്ച രഥത്തിലാണ് തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര പ്രയാണം ചെയ്യുക.
തങ്ക അങ്കി ഘോഷയാത്ര
ക്ഷേത്രങ്ങൾ ഉൾപ്പെടെ 75 ഓളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് രഥഘോഷയാത്ര സന്നിധാനത്തു എത്തിച്ചേരുക. 420 പവൻ വരുന്ന തങ്ക അങ്കി തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ 1973ൽ അയ്യപ്പന് നടയ്ക്കു വച്ചതാണ്. വഴി നീളെ ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കാനും നിറപറ സമര്‍പ്പിക്കാനുമുള്ള സൗകര്യം ഒരുക്കിക്കൊണ്ടാണ് തങ്ക അങ്കി ഘോഷയാത്ര പ്രയാണം നടത്തുന്നത്.
വഴിനീളെ ഭക്തര്‍ നിലവിളക്കു വച്ചും തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. ഘോഷയാത്രാ വീഥിയിലെ ക്ഷേത്ര പരിസരങ്ങളിലാണ് പ്രധാനമായും സ്വീകരണം ഒരുക്കിയത്. മൂര്‍ത്തിട്ട ഗണപതിക്ഷേത്രം, പുന്നതോട്ടം ദേവീക്ഷേത്രം, ചവൂട്ടുകുളം മഹാദേവക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീക്ഷേത്രം, നെടുംപ്രയാര്‍ തേവലശ്ശേരി ദേവീക്ഷേത്രം, കോഴഞ്ചേരി ശ്രീമുരുക കാണിക്കമണ്ഡപം, കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, ഇലന്തൂര്‍ ഇടത്താവളം, ഇലവുംതട്ട ഭഗവതിക്ഷേത്രം, കൈതവന ദേവീക്ഷേത്രം, വഴി ഓമല്ലൂര്‍ ശ്രീരക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലാണ് ഘോഷയാത്ര ആദ്യ ദിനം തങ്ങിയത്.
രണ്ടാം നാള്‍ പത്തനംതിട്ട ശാസ്‌താക്ഷേത്രം, കടമ്മനിട്ട ഭഗവതിക്ഷേത്രം, മേക്കൊഴൂര്‍ ക്ഷേത്രം, മൈലപ്ര ഭഗവതിക്ഷേത്രം ഇളകൊല്ലൂര്‍ മഹാദേവ ക്ഷേത്രം , കോന്നി ചിറയ്ക്കല്‍ ക്ഷേത്രം വഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലാണ് തങ്ക അങ്കി ഘോഷയാത്ര രണ്ടാം നാള്‍ തങ്ങിയത്. മൂന്നാം നാള്‍ ചൊവ്വാഴ്‌ച ചിറ്റൂര്‍ മഹാവിഷ്‌ണു ക്ഷേത്രം, മലയാലപ്പുഴ ക്ഷേത്രം, തോട്ടമണ്‍കാവ് ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്‌താ ക്ഷേത്രം, വടശ്ശേരിക്കര പ്രയാര്‍ മഹാവിഷ്‌ണു ക്ഷേത്രം വഴി പെരുനാട് ശാസ്‌താ ക്ഷേത്രത്തില്‍ എത്തി തങ്ക അങ്കി ഘോഷയാത്ര വിശ്രമിക്കും.
ഡിസംബര്‍ 25 ന് ബുധനാഴ്‌ച പെരുനാട് ശാസ്‌താക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ളാഹ സത്രം, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയോടെ പമ്പയിലെത്തി വിശ്രമിക്കും. മൂന്ന് മണിക്ക് പമ്പയില്‍ നിന്ന് പുറപ്പെട്ട് 5 മണിയോടെ ഘോഷയാത്ര ശരംകുത്തിയിലെത്തും. അവിടെ വച്ച് ശബരിമല ക്ഷേത്രത്തില്‍ നിന്നുള്ള ബന്ധപ്പെട്ടവര്‍ ആചാരപൂര്‍വ്വം ഘോഷയാത്രയെ വരവേറ്റ് സന്നിധാനത്തേക്ക് ആനയിക്കും.
ശബരിമല ക്ഷേത്രം തന്ത്രി പൂജിച്ചു നല്‍കിയ പ്രത്യേക പുഷ്‌പഹാരങ്ങള്‍ ചാര്‍ത്തി എത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഘോഷയാത്രയെ സ്വീകരിച്ചാനയിക്കുക. പതിനെട്ടാം പടി കയറി ഘോഷയാത്ര സന്നിധാനത്തേക്ക് എത്തുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കി സ്വീകരിക്കും. തുടര്‍ന്ന് തങ്ക അങ്കി പേടകം സോപാനത്തിന് സമീപമെത്തിക്കുന്നതോടെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റു വാങ്ങും.
തുടര്‍ന്ന് നടക്കുന്ന ദീപാരാധനയ്ക്ക് മുമ്പായി ഈ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് ദീപാരാധനാ ചടങ്ങ് നടക്കുക. തൊട്ടടുത്ത ദിവസം വ്യാഴാഴ്‌ച ഡിസംബര്‍ 26 ന് ഉച്ചയ്ക്കാണ് സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം ഉച്ചയോടെ നട അടയ്ക്കും. വൈകിട്ട് നാലിന് ശബരിമല നട വീണ്ടും തുറക്കും. ദീപാരാധന, പടിപൂജ, അത്താഴപൂജ എന്നിവയ്ക്കു ശേഷം രാത്രി 9.50 ന് ഹരിവരാസനവും പാടി 10 മണിക്ക് നട അടക്കും. അതോടെ 41 ദിവസത്തെ ശബരിമല മണ്ഡല ഉല്‍സവത്തിന് സമാപനമാകും.