കേരളം

kerala

ETV Bharat / entertainment

"അവസരങ്ങള്‍ നിഷേധിച്ചു, പക്ഷേ നിമിത്തം പോലെ എന്നിലേയ്‌ക്ക് വന്നുച്ചേര്‍ന്നു"; മനസ്സ് തുറന്ന് ജോബ് കുര്യന്‍

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നണി ഗായകനായി ഒടുവില്‍ ചലച്ചിത്ര രംഗത്ത് സംഗീത സംവിധായകനായി തിളങ്ങിയ ജോബ് കുര്യന്‍. സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ് എന്ന ചിത്രത്തിലാണ് ജോബ് കുര്യന്‍ ആദ്യമായി പാടുന്നത്.

JOB KURIAN MUSIC JOURNEY  JOB KURIAN SONGS  ജോബ് കുര്യന്‍  ജോബ് കുര്യന്‍ ഗാനങ്ങള്‍
Job Kurian (ETV Bharat)

By ETV Bharat Entertainment Team

Published : 5 hours ago

ഗായകന്‍ സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ് ജോബ് കുര്യൻ. റിയാലിറ്റി ഷോയിലൂടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് പിന്നണി ഗായകനായി വെള്ളിത്തിരയില്‍ അരങ്ങേറിയ കുര്യന്‍ ആല്‍ബങ്ങളിലൂടെ സംഗീത സംവിധാന രംഗത്തും അരങ്ങേറ്റം കുറിച്ചു. പിന്നീട് ചലച്ചിത്ര രംഗത്തും സംഗീത സംവിധായകനായി. തന്‍റെ കരിയര്‍ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് ജോബ് കുര്യന്‍.

സൂപ്പർസ്‌റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താൻ സംഗീത മേഖലയിലേക്ക് കടന്നു വന്നതെന്ന് ജോബ് കുര്യൻ. ശേഷം വിദ്യാസാഗറിന്‍റെ സംഗീതത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ ബ്ലാക്ക് ക്യാറ്റ് എന്ന ചിത്രത്തിൽ ഗാനം അലപ്പിച്ച് കൊണ്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ഗാനം ഹിറ്റായതോടെ ഉറുമിയിലേക്കുള്ള അവസരവും ജോബ് കുര്യനെ തേടിയെത്തി.

Job Kurian (ETV Bharat)

"ഉറുമിയിലെ ഗാനം മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷയിലും ഹിറ്റായിരുന്നു. സംഗീത സംവിധായകൻ ദീപക് ദേവ് എന്നെ ഈ ഗാനം ആലപിക്കാനായി ക്ഷണിച്ചപ്പോൾ ആദ്യം നിരസിച്ചു. ആ സമയത്ത് ചേതന എന്നൊരു അക്കാദമിയിൽ ഞാൻ പിയാനോ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രായത്തിന്‍റെ പക്വത കുറവിൽ ലഭിച്ച അവസരത്തിന്‍റെ മൂല്യം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ല. പിന്നീട് ദീപക്ദേവ് എന്നെ കൺവിൻസ് ചെയ്‌താണ് ആ പാട്ട് പാടിപ്പിച്ചത്.

ആരാന്നെ ആരാന്നെ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്‌തപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. ഇപ്പോഴും പലർക്കും അറിയില്ല ആ ഗാനം ഞാനാണ് പാടിയതെന്ന്. പാട്ട് റിലീസ് ചെയ്‌ത ശേഷം ദീപക് ദേവ് ഒരു ദിവസം എന്നെ വിളിച്ചു. 'എടോ പാട്ട് ഹിറ്റാണ് നീ ഇതൊന്നും അറിയുന്നില്ലേ? ഈ പാട്ട് നീ പാടുന്നില്ലെന്ന് പറഞ്ഞ് പോയിരുന്നെങ്കിൽ എന്താകുമായിരുന്നു? ഇപ്പോൾ കണ്ടോ..' എന്നാണ് അദ്ദേഹം പറഞ്ഞത്. സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഉറുമി."-ജോബ് കുര്യൻ പറഞ്ഞു.

താന്‍ കുട്ടിക്കാലം മുതൽ സംഗീതം പഠിച്ചിരുന്നെന്നും സംഗീത മേഖലയിൽ ജോലി ചെയ്യാൻ വീട്ടിൽ നിന്നും പൂർണ്ണ പിന്തുണ ലഭിച്ചിരുന്നെന്നും ജോബ് കുര്യന്‍ പറഞ്ഞു. എന്നാല്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നുള്ള കര്‍ക്കശമായ തീരുമാനത്തെ കുറിച്ചും അദ്ദേഹം പറയുന്നു.

"സംഗീതത്തെ വീട്ടുകാര്‍ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു. എന്നാല്‍ മിനിമം വിദ്യാഭ്യാസം നേടണമെന്ന് വീട്ടുകാരുടെ ഭാഗത്ത് നിന്നും കർക്കശമായ തീരുമാനം ഉണ്ടായി. അതിന്‍റെ അടിസ്ഥാനത്തിലാണ് എഞ്ചിനിയറിംഗ് പഠനം. എഞ്ചിനിയറിംഗ് കോളേജുകൾ കലാകാരന്‍മാർക്ക് വളക്കൂറുള്ള മണ്ണാണ്.

പരീക്ഷാ സമയങ്ങളിൽ മാത്രമാകും പുസ്‌തകം തുറക്കുക. ബാക്കി സമയം എന്നിലെ കലാകാരനെ പരിപോഷിപ്പിക്കാനുള്ള അവസരം അവിടെ നിന്നും ലഭിച്ചു. കോളേജ് പഠനകാലം സത്യത്തിൽ സ്വർഗീയ തുല്യമായിരുന്നു. അധ്യാപകരൊക്കെ എന്നിലെ പാട്ടുകാരനെ പരമാവധി പിന്തുണച്ചിട്ടുണ്ട്."-ജോബ് കുര്യൻ പറഞ്ഞു.

സംഗീത കലാകാരന്‍മാര്‍ക്കിപ്പോൾ വലിയ കോമ്പറ്റീഷൻ ആണെന്നും താന്‍ തന്‍റെ വഴിയെ സഞ്ചരിക്കുകയാണെന്നും ജോബ് കുര്യൻ പറഞ്ഞു. പാടുന്ന പാട്ടുകളാണെങ്കിലും ചെയ്യുന്ന പാട്ടുകൾ ആണെങ്കിലും അതിലൊരു ആത്‌മാവ് ഉണ്ടാകണം എന്ന് വിശ്വസിക്കുന്നു. എന്‍റെ പാട്ടുകൾക്ക് ഒരു ഐഡന്‍റിറ്റി വേണമെന്ന് വിശ്വസിക്കുന്നു. ജീവിതാനുഭവങ്ങൾ പലപ്പോഴും സംഗീതമായി മാറാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ നോ പറയുന്നതിനെ കുറിച്ചും ജോബ് കുര്യന്‍ പറയുന്നു. ഒരു നോ പറയാൻ സംഗീത സംവിധായകരുടെ വലിപ്പച്ചെറുപ്പം നോക്കാറില്ലെന്നും നോ പറയുമ്പോൾ അതിൽ ഒരു ബഹുമാനത്തിന്‍റെ ധ്വനി കലർത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"സിനിമയിൽ അവസരം ലഭിക്കുമ്പോഴും ഇഷ്‌ടപ്പെട്ട ഗാനങ്ങൾ മാത്രമേ പാടാൻ ശ്രമിക്കാറുള്ളൂ. ഏതെങ്കിലും വിധത്തിൽ എന്‍റെ സ്വഭാവവുമായി റിലേറ്റ് ചെയ്യാൻ സാധിക്കണം. പാടാൻ ഉറപ്പിക്കുന്ന ഗാനം എനിക്ക് ഏതെങ്കിലും തരത്തിൽ റിലേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അത് സംഗീത സംവിധായകനോട് ചെയ്യുന്ന ചതിയാണെന്ന് കരുതുന്നു. അങ്ങനെ ലഭിച്ച ചില അവസരങ്ങൾക്ക് നോ പറഞ്ഞിട്ടുണ്ട്."-ജോബ് കുര്യൻ വ്യക്‌തമാക്കി.

ഇടുക്കി ഗോൾഡിലെ മാണിക്യ ചിറകുള്ള എന്ന ഗാനം പാടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജോബ് കുര്യന്‍ ഓര്‍ത്തെടുത്തു. സംഗീത സംവിധായകൻ ബിജിബാലിന്‍റെ രൂക്ഷമായ വാക്കുകളാണ് താന്‍ ആ ഗാനം പാടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

"പൊതുവേ അന്തർമുഖനായ വ്യക്‌തിത്വമാണ് എന്‍റേത്. ഒരു സ്‌റ്റുഡിയോയിൽ പോയി പാട്ടുപാടുക എന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലപ്പോൾ മികച്ച അവസരങ്ങൾ ഞാൻ ഈ പാട്ടു പാടിയാൽ ശരിയാകുമോ എന്നുള്ള ചിന്തകൾ ഒക്കെ അലട്ടാറുണ്ട്. അങ്ങനെ കൺഫ്യൂഷനോടെ സ്വയം അറച്ച് പോയി പാടിയ പാട്ടുകളൊക്കെ പിൽക്കാലത്ത് വലിയ സൂപ്പർ ഹിറ്റുകൾ ആയിട്ടുണ്ട്. അത്തരത്തിൽ ഒരു ഗാനമാണ് ഇടുക്കി ഗോൾഡിലെ മാണിക്യ ചിറകുള്ള എന്ന ഗാനം.

നൊസ്‌റ്റാള്‍ജിയയുടെ ഒഫീഷ്യൽ ഗാനം എന്ന ലേബലുണ്ട് ആ പാട്ടിന്. ഇടുക്കി ഗോൾഡിലെ ഗാനം ആലപിക്കാൻ അവസരം ലഭിച്ചപ്പോൾ സംഗീത സംവിധായകൻ ബിജിബാലിനോട് എന്നെക്കാൾ മികച്ച ഒരു ഗായകനെ വച്ച് ആ പാട്ട് പാടിച്ചു കൂടെ എന്ന് ചോദിച്ചു. നിങ്ങൾ തന്നെ പാടിയാലേ ശരിയാകുള്ളൂ, എത്രയും വേഗം എറണാകുളത്ത് വരൂ എന്ന രൂക്ഷ ഭാഷയിലുള്ള അദ്ദേഹത്തിന്‍റെ വാക്കുകളുടെ പുറത്താണ് ആ ഗാനം ഞാന്‍ ആലപിക്കുന്നത്.

പാട്ടിന്‍റെ ട്യൂൺ കേട്ടപ്പോൾ തന്നെ അത് എങ്ങനെയെങ്കിലും പാടണമെന്ന് സത്യത്തിൽ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഞാൻ പാടിയാൽ ശരിയാകുമോ എന്നുള്ളൊരു തടസ്സവാദം എപ്പോഴും എന്‍റെ മനസ്സിൽ ഉണ്ട്."-ജോബ് കുര്യൻ പറഞ്ഞു.

ശ്രദ്ധേയമായ തന്‍റെ ഗാനങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സൗദി വെള്ളക്കയിലെ പകലോ എന്ന ഗാനം ആലപിച്ചിരുന്നു. പാലിയുടെ സംഗീത സംവിധാനത്തിൽ ബോംബെ ജയശ്രീക്കൊപ്പമാണ് ഗാനം ആലപിച്ചത്. സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"സോഷ്യൽ മീഡിയയിൽ വളരെയധികം ഹിറ്റായ എന്‍റെ ഒരു പാട്ടാണ് എന്താവോ. ചന്ദ്രകാന്ത് എന്ന വ്യക്‌തിയാണ് ആ ഗാനത്തിന്‍റെ വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. പൂർണ്ണമായും ഗോപ്രോ വച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ആ ആൽബം ചിത്രീകരിച്ചിരിക്കുന്നത്. നാലേകാൽ കോടിയിലധികം ജനങ്ങൾ ആ ഗാനം കണ്ടുകഴിഞ്ഞു.

ഹരിഷ് ശിവ രാമകൃഷ്‌ണനുമായി ചേർന്നൊരുക്കിയ ആൽബം ആയിരുന്നു പദയാത്ര. ഒരു യാത്ര പോകുമ്പോൾ ആരും ഒഴിവാക്കാത്ത ഒരു ഗാനം. ഒരു സംഗീത സംവിധായകന് തന്‍റെ പാട്ടിനെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുണ്ട്. ആ സ്വപ്‌നങ്ങളൊക്കെ യാഥാർത്ഥ്യമായത് ഹരീഷിന്‍റെ ശബ്‌ദം ആ ഗാനത്തിന് ലഭിച്ചതോടു കൂടിയാണ്."-ജോബ് കുര്യൻ വിശദീകരിച്ചു.

കപ്പ ടിവി മലയാളികള്‍ക്ക് ഒരുപാട് സംഗീതജ്ഞരെ സമ്മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൈക്കുടം ബ്രിഡ്‌ജ് കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ കടന്നു വന്നവരാണ്. മ്യൂസിക് മോജോ സത്യത്തിൽ ആരംഭിക്കുന്നത് തന്നെ വച്ചിട്ടാണെന്നും ജോബ് കുര്യൻ വെളിപ്പെടുത്തി.

"മ്യൂസിക് മോജോയുടെ ആദ്യ സീസൺ ആരംഭിക്കുന്നത് എന്നെയും ഗായിക നേഹയെയും ഉൾപ്പെടുത്തിയാണ്. സ്വന്തം കമ്പോസിഷനിലെ ഗാനങ്ങൾ പാടാൻ അവസരം ഉണ്ടെങ്കിലും പലപ്പോഴും കവർ സോംഗുകൾ പാടാൻ ചാനൽ നിർബന്ധിക്കാറുണ്ടായിരുന്നു. അക്കാലത്ത് കവർ സോംഗുകൾക്ക് ഒരു പുതുമ ഉണ്ടായിരുന്നു. പക്ഷേ പിൽക്കാലത്ത് കവർ സോംഗുകൾ ദുരുപയോഗം ചെയ്യപ്പെട്ടു. പ്രശസ്‌തിക്ക് വേണ്ടി മാത്രം മലയാളത്തിലെ ക്ലാസിക് ഗാനങ്ങളോടും അതിന്‍റെ സംഗീത സംവിധായകരോടും പലരും നീതി പുലർത്തിയിട്ടില്ല." -ജോബ് അഭിപ്രായപ്പെട്ടു.

നിമിത്തം പോലെ തന്നിലേക്കെത്തിയ ഹിറ്റ് ഗാനങ്ങളെ കുറിച്ചും സംഗീത സംവിധായകന്‍ പറയുന്നു. തന്‍റെ സംഗീത സംവിധാനത്തിൽ ഉടൻ തന്നെ രണ്ട് ആൽബം ഗാനങ്ങള്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

"സിനിമയിൽ ആകെ 45 ഓളം ഗാനങ്ങൾ മാത്രമാണ് ആലപിച്ചിട്ടുള്ളത്. അതിലൊരുപക്ഷേ മുക്കാൽ ഭാഗം ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. അതൊരു നിമിത്തമാണെന്ന് കരുതുന്നു. ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഗോപി സുന്ദറിന്‍റെ സംഗീത സംവിധാനത്തിൽ ഒരു ഗാനം ആലപിക്കണം എന്നുള്ളത്. കലി എന്ന ചിത്രത്തിലൂടെ അത് സാധിച്ചു. ചില്ലുറാന്തൽ വിളക്കെ എന്ന ഗാനം ഇപ്പോഴും ഫ്രഷ് ആണ്.

ഗോപി സുന്ദറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഗാനമാണെന്ന് ഞാൻ അതിനെ കരുതുന്നു. ഞാന്‍ ആ ഗാനം ആലപിച്ചത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഒരിക്കലും കരുതണ്ട. എന്നെ എവിടെ വച്ച് കണ്ടാലും ആൾക്കാർ ചോദിക്കുന്ന പാട്ടാണ് കലിയിലേത്. പലരുടെയും ഇഷ്‌ട ഗാനങ്ങളിൽ ഒന്നായി അത് മാറിയത് സന്തോഷം ഉണ്ടാക്കുന്ന കാര്യം.

എനിക്ക് ഗാനങ്ങൾ പാടാനുള്ള അവസരം ലഭിക്കുന്നത് എങ്ങനെയാണെന്ന് സത്യത്തിൽ അറിയില്ല. എങ്ങനെയൊക്കെ ഒരു നിമിത്തം പോലെ തന്നിലേക്ക് ചില ഗാനങ്ങൾ വന്നു ചേരുന്നു. അതൊക്കെ ഹിറ്റ് ആകുന്നു. അങ്ങനെ അടുത്തിടെ ലഭിച്ച അവസരമാണ് കിഷ്‌കിന്ധാ കാണ്ഡത്തിലെ ഗാനം. റെക്കോർഡിംഗിന്‍റെ തലേ ദിവസമാണ് ഗാനത്തെ കുറിച്ച് അണിയറ പ്രവർത്തകർ എന്നോട് പറയുന്നത്.

ദൂരെ ദൂരെ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. മുജീബ് ആയിരുന്നു സംഗീത സംവിധായകൻ. ഞാന്‍ ആ പാട്ടുപാടി പിറ്റേ ദിവസം തന്നെ ആ ഗാനം റിലീസ് ചെയ്‌തു. സിനിമ ഇറങ്ങി ഹിറ്റായ ശേഷം എനിക്ക് ഭയങ്കര സങ്കടമായി. കുറച്ചു കൂടി ആ ഗാനം മെച്ചപ്പെടുത്താമായിരുന്നു എന്നുള്ളതായിരുന്നു എന്‍റഎ സങ്കടം. ആ സങ്കടം സംഗീത സംവിധായകനോട് ബോധ്യപ്പെടുത്തുകയും ചെയ്‌തു."-ജോബ് കുര്യൻ പറഞ്ഞു.

Also Read: കൊലപാതകികളും പീഡനക്കേസ് പ്രതികളും, ഒരു സെൻട്രൽ ജയിൽ ബീറ്റ് ബോക്‌സിംഗ് അപാരത.. എആര്‍ റഹ്‌മാന്‍റെ അഭിനന്ദനവും, മനസ്സ് തുറന്ന് ആർദ്ര സാജൻ

ABOUT THE AUTHOR

...view details