എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്‌പദമാക്കി മലയാളത്തിൽ ഉടൻ റിലീസിന് എത്തുന്ന ആന്തോളജി സീരീസാണ് മനോരഥങ്ങൾ. കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണ് മനോരഥങ്ങളിലൂടെ ലഭിച്ചതെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് പറഞ്ഞു. ഒന്‍പത് കഥകൾ, ഒന്‍പത് സൂപ്പർതാരങ്ങൾ, എട്ട് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രം സി ഫൈവിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. മനോരഥങ്ങളിലെ കാഴ്‌ച എന്ന സെഗ്‌മെന്‍റ് സംവിധാനം ചെയ്‌ത സംവിധായകൻ ശ്യാമപ്രസാദ് ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചു.
എല്ലാ മലയാളികളെയും പോലെ എം.ടി വാസുദേവൻ നായരുടെ സൃഷ്ടികൾ വായിച്ചു തന്നെയാണ് ഞാനും വളർന്നത്. ഒരു എഴുത്തുകാരനിലുപരി മലയാളം സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് എം.ടിയെന്ന് ശ്യാമപ്രസാദ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മിക്ക സൃഷ്ടികളും ചലച്ചിത്ര ആകാരം കൂടിചേർന്നവയാണ്.
അടുത്തകാലത്ത് എം.ടി വാസുദേവൻ നായർ രചിച്ച സൃഷ്ടിയാണ് കാഴ്‌ച. അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളും പുരുഷന്മാരാണ്. പൗരുഷത്തിന്‍റെ പര്യായമായ പല കഥാപാത്രങ്ങളും അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും പിറന്നിട്ടുണ്ടെങ്കിലും കാഴ്‌ച ഒരു സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്നവയാണ്. മനോരഥങ്ങളിലെ കാഴ്‌ച സെഗ്‌മെന്‍റില്‍ പാർവതി തിരുവോത്തും നരേനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
തൊണ്ണൂറുകളുടെ അവസാനത്തോടെ നടക്കുന്ന ഒരു ആശയമാണിത്. ഒരു സ്ത്രീയുടെ മനോഹര സ്വഭാവത്തിന്‍റെ ദൃശ്യാവിഷ്കാരം കൂടിയാകും ചിത്രം. എം ടി വാസുദേവൻ നായരുടെ പത്നി നൃത്ത അധ്യാപിക കൂടിയായ കലാമണ്ഡലം സരസ്വതി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. നരേൻ, ഹരീഷ് ഉത്തമൻ എന്നിവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.