കേരളം

kerala

ETV Bharat / entertainment

കൽക്കി വില്ലൻ കലാപ്രതിഭ, അത് ടൊവിനോ ഉള്‍ക്കൊണ്ടില്ല; കലോത്സവ വേദിയിലെത്തി നടൻ ശിവജിത്ത് - SHIVAJITH ABOUT KALOLSAVAM MEMORIES

കൽക്കിയിലെ രൗദ്ര ഭാവം തുളുമ്പുന്ന മുഖവും, താടിയും.. ഒരു വില്ലൻ പരിവേഷമുള്ള എന്നെപ്പോലൊരാൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ? എല്ലാവർക്കും അങ്ങനെ ഒരു വിവരം കൗതുകമായിരുന്നു..

SHIVAJITH ABOUT SCHOOL KALOLSAVAM  SHIVAJITH  ശിവജിത്ത്  സ്‌കൂള്‍ കലോത്‌സവം
Shivajith (ETV Bharat)

By ETV Bharat Entertainment Team

Published : Jan 6, 2025, 4:03 PM IST

'അജയന്‍റെ രണ്ടാം മോഷണം', 'വീരം', 'കൽക്കി' തുടങ്ങി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് നടന്‍ ശിവജിത്ത്. ടൊവിനോ തോമസ് നായകനായി എത്തിയ 'കൽക്കി'യിലെ വില്ലൻ വേഷമാണ് ശിവജിത്തിനെ ജനപ്രിയനാക്കിയത്.

ഇപ്പോഴിതാ തലസ്ഥാന നഗരിയില്‍ സ്‌കൂള്‍ കലോത്സവം അതിന്‍റെ മൂന്നാം ദിനത്തിലേയ്‌ക്ക് കടക്കുമ്പോള്‍ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോട് സംവദിക്കാന്‍ എത്തിയിരിക്കുകയാണ് നടന്‍. മുന്‍ കലാപ്രതിഭ കൂടിയാണ് ശിവജിത്ത്. തന്‍റെ കലോത്സവ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ശിവജിത്ത്.

63-ാമത് സംസ്ഥാന കലോത്സവം തനിക്ക് വ്യക്‌തിപരമായി ഏറെ പ്രിയപ്പെട്ടതാണെന്നും തന്‍റെ ഓർമ്മകളുടെ മധുരം കൂട്ടുന്നുവെന്നും ശിവജിത്ത് പറഞ്ഞു. 1998ൽ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിലാണ് താൻ ആദ്യമായി കലാപ്രതിഭ പട്ടം അണിയുന്നതെന്നും നടന്‍ വെളിപ്പെടുത്തി.

താന്‍ കലാപ്രതിഭ ആയിരുന്നുവെന്ന വിവരം അമ്പരപ്പോടെയാണ് ടൊവിനോ തോമസ് ഉള്‍ക്കൊണ്ടതെന്നും ശിവജിത്ത് വ്യക്‌തമാക്കി. "ജയരാജ് സാർ സംവിധാനം ചെയ്‌ത വീരം എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. ടൊവിനോ തോമസ് നായകനായ കൽക്കിയിലെ വില്ലൻ വേഷം എനിക്ക് പേരും പ്രശസ്‌തിയും തന്നു.

Shivajith (ETV Bharat)

കൽക്കിയിലെ രൗദ്ര ഭാവം തുളുമ്പുന്ന മുഖവും, താടിയുമൊക്കെ കണ്ട് ജ്വലിക്കുന്ന ഒരു വില്ലൻ പരിവേഷമുള്ള എന്നെപ്പോലെ ഒരാൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ. എല്ലാവർക്കും അങ്ങനെ ഒരു വിവരം കൗതുകമായിരുന്നു.

കൽക്കിയിലെ പ്രധാന വേഷം കൈകാര്യം ചെയ്‌ത ടൊവിനോയും സംയുക്‌തയും ആദ്യം ഈ കാര്യം ഉൾക്കൊള്ളാൻ തയ്യാറായില്ല. അമ്പരപ്പോടെയാണ് ഞാൻ കലാപ്രതിഭ ആയിരുന്നു എന്ന കാര്യം അവർ ഉൾക്കൊണ്ടത്," ശിവജിത്ത് പറഞ്ഞു.

കുട്ടികൾ കലാകാരന്‍മാരും കലാകാരികളുമായി വളരുന്നതിന്‍റെ അടിസ്ഥാനം രക്ഷകർത്താക്കളാണെന്ന് താൻ വിശ്വസിക്കുന്നുതായും നടന്‍ പറഞ്ഞു. "എന്‍റെ കാര്യത്തിൽ അങ്ങനെയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ ആളാണ് ഞാൻ. അഞ്ച് വയസ്സുള്ളപ്പോഴോ ആറ് വയസ്സുള്ളപ്പോഴോ ഞാനൊരു കലാകാരനായി വളരണമെന്ന് സ്വയം തീരുമാനിക്കാൻ ആകില്ലല്ലോ. എന്നെ ഒരു കലാകാരൻ ആക്കണമെന്ന് എന്‍റെ അമ്മയും അച്ഛനുമാണ് തീരുമാനിക്കുന്നത്. കലോത്സവ വേദികളിൽ എത്തുന്ന ഓരോ മത്സരാർത്ഥിയും ഒരുപാട് അച്ഛനമ്മമാരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്," ശിവജിത്ത് പറഞ്ഞു.

Shivajith (ETV Bharat)

തനിക്ക് 13 -ന്നോ 14 -ന്നോ വയസ്സുള്ളപ്പോഴാണ് കലാപ്രതിഭ ആകുന്നതെന്നും അന്നൊന്നും കലോത്സവത്തില്‍ പങ്കെടുത്ത് വിജയിക്കണം എന്ന ചിന്ത ഉണ്ടായിരുന്നില്ലെന്നും നടന്‍ വ്യക്‌തമാക്കി.

"വളരെ ചെറുപ്പത്തിലെ തന്നെ കുച്ചുപ്പുടി, ഭരതനാട്യം, കഥകളി തുടങ്ങിയവ സ്വായത്തമാക്കാൻ സാധിച്ചു. കഥകളി, കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, ഫോക് ഡാൻസ് എന്നീ വിഭാഗങ്ങൾക്കാണ് ഞാൻ കലോത്സവത്തിൽ മത്സരിച്ചത്. എന്‍റെ വിജയങ്ങൾ ആ കലോത്സവ വേദിയിലെ റെക്കോർഡ് ആയിരുന്നു.

കലോത്സവത്തിൽ പങ്കെടുക്കുക, കലോത്സവത്തിൽ വിജയിക്കുക എന്നതിനപ്പുറം ഒരു നല്ല കലാകാരനാകായി മാറാനുള്ള വേദിയായാണ് ഞാൻ കലോത്സവത്തെ നോക്കി കണ്ടത്. കലോത്സവ വേദികൾ ഒരുപക്ഷേ എന്നിലെ സിനിമാ ആഗ്രഹത്തെ ആളി കത്തിച്ചു. മേൽപ്പറഞ്ഞ കലാരൂപങ്ങളെല്ലാം പഠിക്കാൻ ഒരു അവസരം കിട്ടുക എന്നുള്ളത് തന്നെ വലിയ ഭാഗ്യമാണ്," ശിവജിത്ത് പറഞ്ഞു.

തന്‍റെ രക്ഷിതാക്കളോടും കണ്ണൂരിലെ മൂത്തേടത്ത് ഹൈസ്‌കൂൾ അധ്യാപകരോടുമുള്ള കടപ്പാടും നടന്‍ പറഞ്ഞറിയിക്കാൻ മറന്നില്ല. "ഒരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ ഒരു കലാകാരനായി മാറാൻ സാധിക്കില്ലല്ലോ. ഒരുപാട് പിന്തുണ നമുക്ക് ആവശ്യമാണ്. ജീവിതത്തിൽ പിന്തുണകൾ ലഭിക്കേണ്ട പ്രാധാന്യം എന്തെന്ന് മനസ്സിലാക്കിയതും ഒരുപക്ഷേ കലോത്സവവേദികളിൽ പങ്കെടുത്തതുകൊണ്ടാണ്," നടന്‍ കൂട്ടിച്ചേര്‍ത്തു.

Shivajith (ETV Bharat)

താന്‍ സിനിമയില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ചും ശിവജിത്ത് വിശദീകരിച്ചു. 14 വർഷത്തെ ദീർഘമായ അധ്വാനമാണ് തന്നെ സിനിമയിൽ എത്തിച്ചതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

"സിനിമയിൽ എത്തിച്ചേർന്നപ്പോൾ വില്ലനായ കലാപ്രതിഭ എന്ന് ഒരുപാട് പേർ പറഞ്ഞു. നൃത്തം അഭ്യസിക്കുന്ന ഒരാളുടെ ശരീരത്തിൽ സ്ത്രൈണതാ ഭാവം ഉണ്ടാകണം എന്നൊക്കെയാണ് ചിലരുടെ വിചാരം. അതൊക്കെ വെറുതെയാണ്. പിന്നെ ഞാൻ ഉൾക്കൊണ്ട കലകളിലൊക്കെ ഒരു മാസ്‌റ്റർ ആകണം എന്ന ആഗ്രഹം എനിക്കില്ലായിരുന്നു," ശിവജിത്ത് പറഞ്ഞു.

സ്‌കൂൾ കലോത്സവങ്ങൾ കൃത്യമായി വീക്ഷിക്കുന്ന ഒരാളാണ് താനെന്നും എല്ലാ കലോത്സവത്തിനും ഒരു കാഴ്‌ച്ചക്കാരനായി പങ്കെടുക്കാൻ ശ്രമിക്കാറുണ്ടെന്നും നടന്‍ പറഞ്ഞു.

"പണ്ടത്തെ രീതിയൊക്കെ വച്ച് കലോത്സവ വേദിയിലെ വിവാദങ്ങൾക്ക് ഇപ്പോൾ കുറവുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മത്സര ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്നതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു. മത്സര ബുദ്ധിയോട് കൂടി സമീപിക്കണം. മത്സര ബുദ്ധി ഉള്ളതുകൊണ്ടാണ് ഒന്നിലധികം കലകൾ കുട്ടികൾ സ്വായത്തമാക്കണമെന്ന് വിചാരിക്കുന്നത്.

ഇത്തരം കലോത്സവങ്ങൾ ഇല്ലെങ്കിൽ കേരളത്തിലെ പല കലാരൂപങ്ങളും എന്നേ അന്യം നിന്ന് പോയേനെ. മത്സരിക്കാൻ വേണ്ടിയെങ്കിലും ചിലരൊക്കെ ചിലത് പഠിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. അതുകൊണ്ട് മത്സര ബുദ്ധി നല്ലതാണ്," ശിവജിത്ത് അഭിപ്രായപ്പെട്ടു.

Shivajith (ETV Bharat)

ക്യാപ്സ്യൂൾ കലാരൂപങ്ങളുടെ അതിപ്രസരം ഇപ്പോഴത്തെ കലോത്സവവേദികളിൽ കണ്ടുവരുന്നതായും നടന്‍ വ്യക്‌തമാക്കി. "പണ്ടൊക്കെ ഈ ക്യാപ്സ്യൂൾ പരിപാടി നടക്കില്ല. ഒരാൾ ഒരു പ്രകടനം വേദിയിൽ കാഴ്‌ച്ചവയ്‌ക്കുന്നത് പക്കാ മേളക്കാരുടെ അകമ്പടിയോടു കൂടിയാണ്. അങ്ങനെ പെർഫോം ചെയ്യണമെങ്കിൽ കൃത്യമായി ആ കലാരൂപത്തെ കുറിച്ച് മനസ്സിലാക്കിയിരിക്കണം.

നമ്മുടേതായ ചില കോൺട്രിബ്യൂഷൻസ് ആ സമയത്ത് നമുക്ക് കലാരൂപത്തിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഇപ്പോൾ ഒരു ഡിജിറ്റൽ ഓഡിയോയുടെ സപ്പോർട്ടോടു കൂടിയല്ലേ കുട്ടികൾ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്നത്. അത് തെറ്റാണെന്ന് ഞാൻ ഒരിക്കലും അഭിപ്രായപ്പെടില്ല. പക്ഷേ ക്യാപ്സ്യൂൾ കലാരൂപങ്ങൾ ഒരാളുടെ ഉള്ളിലെ കലാബോധത്തെ എത്രത്തോളം ധാരണയുള്ളതാക്കും എന്നതിൽ സംശയമുണ്ട്," ശിവജിത്ത് തുറന്നു പറഞ്ഞു.

Shivajith (ETV Bharat)

കലോത്സവത്തിൽ മത്സരിക്കാൻ വേണ്ടി മാത്രം കലയെ സ്വായത്തമാക്കാൻ ശ്രമിക്കരുതെന്നും നടന്‍ കൂട്ടിച്ചേർത്തു. "നമ്മുടെ നാട്ടിൽ മാത്രമാണ് കലോത്സവങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തകര മുളയ്ക്കും പോലെ കലാകേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കുക. വിദേശ രാജ്യങ്ങളിലൊന്നും അങ്ങനെയല്ല.

കലകൾ പഠിപ്പിക്കാനായി അവർക്ക് യൂണിവേഴ്‌സിറ്റികള്‍ വരെയുണ്ട്. നമ്മുടെ നാട്ടിൽ കലാമേഖലയോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. മത്സരബുദ്ധിയോടെ കലോത്സവത്തെ സമീപിക്കണം എന്ന് ഞാൻ നേരത്തെ പറഞ്ഞെങ്കിലും കലാരൂപങ്ങളെയും കലാസ്വാദനത്തെയും കുറച്ചുകൂടി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സീരിയസായി സമീപിക്കണം," ശിവജിത്ത് അഭിപ്രായപ്പെട്ടു.

കലോത്സവ വേദിയിലൂടെ സിനിമയില്‍ എത്തുക എന്നതായിരുന്നു മത്സരത്തില്‍ പങ്കെടുക്കുമ്പോഴുള്ള തന്‍റെ ആഗ്രഹമെന്നും നടന്‍ തുറന്നു പറഞ്ഞു. "വളരെ ചെറിയ പ്രായത്തിലെ സിനിമയിൽ ആഗ്രഹിക്കാൻ മോഹം തോന്നിയ ഒരാളാണ് ഞാൻ. കലാ മത്സരം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുമ്പോൾ അക്കാലത്തും മാധ്യമങ്ങൾ നമുക്ക് ചുറ്റും കൂടും. മത്സരത്തിൽ വിജയിക്കുമോ? ഭാവിയിൽ എന്താകാനാണ് ആഗ്രഹം? എന്നൊക്കെ അവർ ചോദിക്കും.

Shivajith (ETV Bharat)

ആ പ്രായത്തിൽ സിനിമ നടൻ ആകണമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ഒരാളാണ് ഞാൻ. കലോത്സവ വേദികളിൽ പങ്കെടുത്തത് എന്‍റെ ഉള്ളിലെ വലിയൊരു ലക്ഷ്യത്തിന് കൂടിയായിരുന്നു. ഞാന്‍ ഈ പറയുന്നതിനെ കൂട്ടിച്ചേർത്ത് വായിച്ചാൽ ഇപ്പോഴത്തെ കുട്ടികളോട് പറയാനുള്ളത് കലോത്സവ വേദിയെ നമ്മുടെ ഭാവിയിലേക്കുള്ള ലക്ഷ്യത്തിന്‍റെ ചവിട്ടുപടിയായി നോക്കി കാണണം," ശിവജിത്ത് പറഞ്ഞു.

Also Read: 'എനിക്കുമുണ്ട് വേദിയിൽ കയറുന്നതിന് മുൻപുള്ള ഭയം, സഭാകമ്പം മറികടക്കണം'; അനു സിത്താര - ANU SITHARA ON ART FEST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ