തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ വേദനിക്കുന്ന ഓർമകൾ ഹൃദയസ്‌പർശിയായി അവതരിപ്പിച്ച് ഉര്‍ദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി നിഹില കുരിക്കൾ. കാസർകോഡ്, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ നിഹില ഉര്‍ദു ഗസലിലും എ ഗ്രേഡ് നേടിയിരുന്നു.
ഉര്‍ദു പദ്യം ചൊല്ലലിൽ കഴിഞ്ഞ തവണ കൊറോണയെ പറ്റിയുള്ള പദ്യം ചൊല്ലിയായിരുന്നു നിഹില എ ഗ്രേഡ് നേടിയത്. കാലികമായ വിഷയം തെരെഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് വയനാട് ദുരന്തത്തെക്കുറിച്ചുള്ള പദ്യം തെരഞ്ഞെടുത്തത്. സ്‌കൂളിലെ ഉര്‍ദു അധ്യാപകനായ ബഷീർ അറിയൻകോടാണ് കവിത രചിച്ചത്.
പ്രേക്ഷകരെ ഭാഷയുടെ പരിമിതകൾക്ക് അപ്പുറത്തേക്ക് നയിക്കുന്ന രീതിയിലായിരുന്നു 'പൈഗാമേ വയനാട്' എന്ന കാവ്യം നിഹില ആലപിച്ചത്. കേട്ടിരുന്നവർക്കെല്ലാം ആസ്വദിക്കാനും ചിന്തിക്കാനും കഴിയുന്നതായിരുന്നു നിഹിലയുടെ പ്രകടനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇഷ്‌ടയിനമായ ഗസലിൽ അപ്പീൽ വഴി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്താണ് നിഹില എ ഗ്രേഡ് നേടിയത്. ഉർദു ഭാഷയിൽ പണ്ഡിത്യമുള്ള പിതാവ് നാസർ കുരിക്കളാണ് ഉർദുവിൽ ഉച്ചാരണ ശുദ്ധി വരുത്താൻ മകളെ സഹായിച്ചത്. നിഹില ഉർദു മത്സരയിനങ്ങളിൽ ആകൃഷ്‌ടയായത് നാസർ കുരിക്കളുടെ ഉർദു ഭാഷയോടുള്ള സ്നേഹം കാരണമാണ്.
പൈഗാമേ വയനാട് എന്ന പദ്യം വയനാട് ദുരന്തത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം പ്രകൃതി ദുരന്തങ്ങൾക്ക് പിന്നിൽ മനുഷ്യന്‍റെ പ്രകൃതി ചൂഷണം കാരണമാകുന്നു എന്നാണ് ഈ ഉർദു കാവ്യത്തിൽ പ്രതിപാദിക്കുന്നതെന്നും നാസർ കുരിക്കൾ വ്യക്തമാക്കി. ഉർദു ഭാഷയെ സ്നേഹിക്കുന്ന ഉപ്പയ്ക്കും മകൾക്കും പിന്തുണയുമായി ഉമ്മ ഷഹനാസുമുണ്ട്.
Also Read: വട്ടമിട്ട് പറന്ന ഹെലികോപ്‌ടര്‍, ചീറിപ്പാഞ്ഞ ആംബുലന്‍സ്; വയനാട് ദുരന്തം ശബ്‌ദ വിസ്‌മയമാക്കി ഇഷ മെഹറിൻ