ഹൈദരാബാദ് :ബോളിവുഡ് സൂപ്പർസ്‌റ്റാർ ഷാരൂഖ് ഖാൻ കഭി ഹാൻ കഭി നാ എന്ന ചിത്രം മൂന്ന് പതിറ്റാണ്ട് പിന്നിട്ടതിന്‍റെ വാർഷികം ആഘോഷിച്ചു (Shah Rukh Khan on Kabhi Haan Kabhi Naa Completing 30 Years). 1994 ആണ് ചിത്രം പുറത്തിറങ്ങിയത്. തന്‍റെ കരിയറിൽ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മധുരമുള്ള, ഊഷ്‌മളമായ, സന്തോഷകരമായ സിനിമ എന്നാണ് ഷാരൂഖ് ഖാൻ ചിത്രത്തെ വിശേഷിപ്പിച്ചത് (Sweetest Warmest Happiest Film) . ചിത്രം നിർമിച്ചതിന് സംവിധായകൻ കുന്ദൻ ഷായോടും, അതിന്‍റെ അണിയറ പ്രവർത്തകർക്കും, ആ ചിത്രത്തിലെ എല്ലാ അഭിനേതാക്കൾക്കും അദ്ദേഹം തന്‍റെ നന്ദി അറിയിക്കുന്നതായി എക്‌സില്‍ കുറിച്ചു.
ഷാരൂഖ് ഖാൻ തന്‍റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റർടൈൻമെന്‍റ് പുറത്തിറക്കിയ ഒരു ചെറിയ വീഡിയോ എക്‌സിൽ റീപോസ്‌റ്റ് ചെയ്‌തു. '30 വർഷങ്ങൾ കടന്നുപോയി, എന്നിട്ടും കഭി ഹാൻ കഭി നാ നിത്യഹരിതമായി തുടരുന്നു, ഇന്നും വളരെ ഇഷ്‌ടപ്പെടുകയും ഓർമിക്കപ്പെടുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. നമ്മൾ ഏത് കാലഘട്ടത്തിലാണെങ്കിലും, ഈ സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
'ഞാൻ ചെയ്‌തതിൽ വച്ച് ഏറ്റവും മധുരവും ഊഷ്‌മളവും സന്തോഷവും നിറഞ്ഞ സിനിമയാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇത് കാണുകയും സിനിമയിലെ എല്ലാവരെയും മിസ് ചെയ്യുകയും ചെയ്യുന്നു, പ്രത്യേകിച്ച് എന്‍റെ സുഹൃത്തും അധ്യാപകനുമായ കുന്ദൻ ഷായെ, മുഴുവൻ അഭിനേതാക്കളോടും ഒപ്പം അണിയറ പ്രവർത്തകർക്കും നന്ദി. നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു' -എന്നും പോസ്‌റ്റ് ഷെയർ ചെയ്‌തുകൊണ്ട് ഷാരൂഖ് ഖാൻ എക്‌സില്‍ കുറിച്ചു.