മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിയുതിർത്ത കേസിൽ അറസ്‌റ്റിലായതിന് പിന്നാലെ പൊലീസ് കസ്‌റ്റഡിയിൽ മരിച്ച അനുജ് ഥാപൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുംബൈ ഹൈക്കോടതിയിൽ കുടുംബം ഹർജി നൽകി. ജയിലിൽ വച്ച് അനുജ് ഥാപൻ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഇത് കളവാണെന്നും അനുജ് ഥാപന്‍റേത് കൊലപാതകമാണെന്നും അമ്മ റീതാ ദേവി വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. മകൻ്റെ മരണം അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോട് (സിബിഐ) നിർദേശിക്കണമെന്നും ഇവർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജയിലിൽ വച്ച് അനുജ് ഥാപനെ പൊലീസ് ശാരീരികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നും ഹർജിയിൽ ആരോപണമുണ്ട്.
ഥാപനെ കസ്‌റ്റഡിയിലെടുത്ത പൊലീസ് സ്‌റ്റേഷനിലെയും ലോക്കപ്പിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിനോട് ഉത്തരവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൂടാതെ വെടിവയ്‌പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് അധികാരികളുടെ കോൾ ഡാറ്റ റെക്കോർഡിങ്ങുകൾ (സിഡിആർ) സംരക്ഷിക്കണമെന്നും ഹർജിയിൽ പറഞ്ഞു. വീണ്ടും ഥാപ്പൻ്റെ പോസ്‌റ്റ്‌മോർട്ടം നടത്തണമെന്നും കോടതിയോട് കുടുംബം ആവശ്യപ്പെട്ടു.