2023ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ കൈയ്യടി നേടിയ ചിത്രമായിരുന്നു ഹൊറര്‍ കോമഡി ജോണറിൽ ഒരുക്കിയ 'രോമാഞ്ചം'. സൗബിന്‍ ഷാഹിർ അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം മലയാളത്തിലെ ബ്ലോക്ബസ്റ്റർ ഹിറ്റുകളിലൊന്ന് കൂടിയായിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്.
'കപ്‌കപി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രശസ്‌ത സംവിധായകൻ സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ തരംഗം തീർത്ത ചിത്രം ഹിന്ദിയിലും കസറുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് സിനിമാസ്വാദകർ. അടുത്തിടെയാണ് 'കപ്‌കപി'യുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് 'കപ്‌കപി'യിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. തുഷാർ കപൂറാണ് അർജുൻ അശോകൻ അവതരിപ്പിച്ച വേഷത്തിൽ എത്തുന്നത്. ശ്രേയസ് തൽപാഡെ സൗബിന്‍റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.