ന്യുഡല്‍ഹി: യുവനടി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്‌റ്റര്‍ ചെയ്‌ത ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് നൽകിയ ഇടക്കാല മുൻകൂർ ജാമ്യം തുടരും. ജസ്‌റ്റിസുമാരായ ബേല ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ചാണ് രണ്ടാഴ്‌ചയ്ക്ക് ശേഷം വാദം കേൾക്കാമെന്ന് അറിയിച്ചത്. അതു വരെ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള മുന്‍ ഉത്തരവ് നിലനില്‍ക്കും.
കേസില്‍ പരാതി നല്‍കാന്‍ അതിജീവിത എട്ട് വര്‍ഷം വൈകിയതെന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇതേസമയം പരാതി രേഖാമൂലം ഇപ്പോഴാണ് നല്‍കിയതെന്നും സമൂഹ മാധ്യമ വേദിയായ ഫേസ് ബുക്കിലൂടെ ആരോപണം അതിജീവിത ഉന്നയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്‌ത സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് സിദ്ദിഖിന്‍റെ അഭിഭാഷകന്‍ വി ഗിരി കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയില്‍ ഫയല്‍ ചെയ്‌ത അധിക സത്യവാങ് മൂലം ആണെന്നും അതില്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും വി ഗിരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സത്യവാങ് മൂലം ഫയല്‍ ചെയ്യാന്‍ സിദ്ദിഖിന് സുപ്രീം കോടതി രണ്ട് ആഴ്‌ചത്തെ സമയം അനുവദിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം മുപ്പതോളം പരാതികള്‍ ആണ് ലഭിച്ചത്. ഇതില്‍ അന്വേഷണം നടക്കുകയാണ്. സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ ആ കേസുകളിലെ പരാതിക്കാരിയുടെ ആത്മവീര്യം നഷ്‌ടപ്പെട്ടുപോകുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയെ അറിയിച്ചു.