മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ടെലവിഷൻ പരിപാടിയാണ് സ്‌റ്റാർ മാജിക്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റാർ മാജിക് പ്രക്ഷേപണം അവസാനിപ്പിക്കുകയാണ്. സ്‌റ്റാര്‍ മാജിക്ക് നിര്‍ത്തുന്നുവെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
സ്‌റ്റാർ മാജിക് താരങ്ങളും പരിപാടിയുടെ അവതാരകയുമായ ലക്ഷ്‌മി നക്ഷത്രയും ഷോ അവസാനിക്കുന്നതായുള്ള പോസ്‌റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഷെയർ ചെയ്‌തതോടു കൂടിയാണ് സംഭവം ചര്‍ച്ചയാകുന്നത്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച പിന്തുണയോടെ ജൈത്ര യാത്ര തുടരുന്ന ഒരു ഷോ നിര്‍ത്തുന്നതിന്‍റെ കാരണം ചാനലിന്‍റെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ച സൂചന ഇടിവി ഭാരതിന് ലഭിച്ചിരിക്കുകയാണ്.
മികച്ച ടെലിവിഷൻ പരിപാടിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം ലഭിച്ച പ്രോഗ്രാമാണ് സ്‌റ്റാർ മാജിക്. ഫ്ലവേഴ്‌സ് ടിവി സീനിയർ നിർമ്മാതാവ് അനൂപ് ജോൺ ആണ് ഷോയുടെ അമരക്കാരൻ. നടനും കോമഡി താരവുമായ അഖിൽ കവലൂർ അടക്കമുള്ള നിരവധി പ്രതിഭകളാണ് ഷോയുടെ രചനയ്ക്ക് പിന്നിൽ. മലയാള ടെലിവിഷൻ ചരിത്രത്തിൽ സ്‌റ്റാർ മാജിക് പോലൊരു പരിപാടി ഇതിന് മുമ്പ് സംഭവിച്ചിട്ടില്ല എന്നത് വാസ്‌തവം.
12k വിസ്‌താര ഓഗ്‌മെന്‍റല്‍ റിയാലിറ്റി ദൃശ്യ മികവ് കൊണ്ടുവരുന്ന ആദ്യത്തെ സൗത്ത് ഇന്ത്യൻ ഷോ കൂടിയാണ് സ്‌റ്റാർ മാജിക്. മലയാളി പ്രേക്ഷകർക്ക് കാഴ്‌ച്ചയുടെ പുതിയ ഒരു ലോകം സൃഷ്‌ടിച്ച് കൊണ്ടാണ് ഫ്ലവേഴ്‌സ് ടിവി പ്രക്ഷേപണം ആരംഭിക്കുന്നത്. ചാനലിന്‍റെ തുടക്കകാലം മുതൽക്ക് തന്നെ സ്‌റ്റാർ മാജിക്കിന്‍റെ സംവിധായകൻ അനൂപ് ജോൺ ഒപ്പമുണ്ട്.
അനൂപ് ജോൺ സംവിധാനം ചെയ്‌ത കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി കേരളത്തിലെ ടെലിവിഷൻ റേറ്റിംഗ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഒരു ഷോ ആയിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ആ പരിപാടിയുടെ അവതാരകൻ. കോമഡി സൂപ്പർ നൈറ്റിന്‍റെ ആദ്യ സീസൺ അവസാനിച്ചതോടെ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ആ പരിപാടിയുടെ രണ്ടാം സീസൺ അനൂപ് ജോൺ ഫ്ലവേഴ്‌സ് ടിവിയിലൂടെ ഒരുക്കുകയായിരുന്നു.
കോമഡി സൂപ്പർ നൈറ്റ് സീസൺ 2 വിന്‍റെ അവസാനത്തോടു കൂടിയാണ് സ്‌റ്റാർ മാജിക്കിന്‍റെ ആദ്യരൂപമായ ടമാർ പടാർ ആരംഭിക്കുന്നത്. ടമാർ പടാർ ടെലിവിഷൻ ചരിത്രത്തിൽ തന്നെ സെൻസേഷണല്‍ ഹിറ്റായ ഒരു പരിപാടിയാണ്. നോബി, നെൽസൺ, തങ്കച്ചൻ വിതുര, ലക്ഷ്‌മി പ്രിയ തുടങ്ങി നിരവധി പേർ പങ്കെടുത്ത ഈ പരിപാടി, വിമർശകർ ഇല്ലാത്ത ഒരു ടെലിവിഷൻ പരിപാടിയായി വളർന്നു. മിമിക്രി കലാമേഖലയിലെ നിരവധി കലാകാരന്‍മാർക്ക് വലിയൊരു താങ്ങും തണലും ആയിരുന്നു ടമാർ പടാർ.
ടമാർ പടാർ മുഖം മിനുക്കി എത്തിയതാണ് ഇപ്പോഴത്തെ സ്‌റ്റാർ മാജിക്. ഈ പരിപാടിയുടെ പകുതിയിൽ വച്ചാണ് പരിപാടിയിലൂടെ അവതാരക ലക്ഷ്‌മി നക്ഷത്ര കടന്നുവരുന്നത്. സ്‌റ്റാർ മാജിക് ലക്ഷ്‌മി നക്ഷത്രയ്ക്ക് വലിയ പേരും പ്രശസ്‌തിയുമാണ് നേടിക്കൊടുത്തത്. ശ്രീവിദ്യ, അനുമോൾ തുടങ്ങിയ കലാകാരികളൊക്കെ ഒരുപക്ഷേ സ്‌റ്റാർ മാജിക്കിന്‍റെ പ്രോഡക്‌ടുകൾ ആണെന്ന് പറയേണ്ടിവരും.