ഡിസംബർ 1ന് തിയേറ്ററുകളിലെത്തിയ സന്ദീപ് റെഡ്ഡി വംഗ - രൺബീർ കപൂർ ചിത്രം 'ആനിമൽ' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് (Ranbir Kapoor starrer Animal OTT Release). ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് ചിത്രത്തിന്‍റെ ഒടിടി റിലീസ് വിവരം പുറത്തുവന്നിരിക്കുകയാണ്. വിമർശനങ്ങൾക്ക് നടുവിലും ബോക്‌സ് ഓഫിസിൽ വിജയം കൊയ്‌ത 'ആനിമൽ' നാളെ മുതൽ (ജനുവരി 26) ഒടിടിയിൽ സ്‌ട്രീമിംഗ് ആരംഭിക്കും.
നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് (Netflix) ചിത്രം പ്രേക്ഷകർക്കരികിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് 550 കോടി രൂപയും ലോകമെമ്പാടുമായി 900 കോടി രൂപയും നേടിയ ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം ഭാഷകളിൽ നെറ്റ്‌ഫ്ലിക്‌സിൽ കാണാനാകും. സഹ-നിർമാതാക്കളായ ടി സീരീസും സൈന 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള തർക്കം അവസാനിച്ചതോടെയാണ് ചിത്രം ഒടിടിയിൽ എത്താൻ വഴി തുറന്നത്.
നേരത്തെ ടി സീരീസും സൈന 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡും നിയമപോരാട്ടം നടത്തിയിരുന്നു. കരാർ ലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇപ്പോൾ തർക്കം പരിഹരിച്ചതോടെയാണ് ഒടിടി റിലീസിൽ തീരുമാനമായത്.
അതേസമയം കഴിഞ്ഞവർഷം റിലീസായവയിൽ ഏറ്റവും അധികം വിമർശനം ഏറ്റുവാങ്ങിയ ചിത്രമാണ് 'ആനിമൽ'. വയലൻസ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങൾ, സ്‌ത്രീ വിരുദ്ധത എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. തിയേറ്ററിൽ മൂന്ന് മണിക്കൂറും 21 മിനിറ്റുമായിരുന്ന് ചിത്രത്തിന്‍റെ ദൈർഘ്യം. എന്നാൽ ഒടിടിയിലെത്തുമ്പോൾ ദൈർഘ്യം ഇനിയും കൂടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ പതിപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട രംഗങ്ങൾ ഒടിടി പതിപ്പിലുണ്ടാവുമെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ നേരത്തേ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിൽ നായികയായി എത്തിയത്. ബോബി ഡിയോൾ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അനിൽ കപൂറും തൃപ്‌തി ദിമ്രിയും പ്രധാന വേഷങ്ങളിൽ അണിനിരന്നു. സംവിധായകൻ സന്ദീപ് റെഡ്ഡി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുകയും എഡിറ്റിങ് നിർവഹിച്ചതും. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് 'ആനിമൽ' നിർമിച്ചത്.
ഒന്‍പത് സംഗീത സംവിധായകര്‍ ആണ് 'ആനിമലി'ലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. പ്രീതം, ഹര്‍ഷവര്‍ദ്ധൻ, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, അഷിം കിംസണ്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നിവരാണ് 'ആനിമലി'നായി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഹർഷവർദ്ധൻ രാമേശ്വർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.