അന്താരാഷ്ട്ര തലത്തിൽ തരംഗം സൃഷ്‌ടിച്ച മലയാളം ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രം നവംബർ 22നാണ് തിയേറ്ററുകളില്‍ എത്തിയത്. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകനിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.
'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയില്‍ പ്രധാന വേഷം ചെയ്‌ത ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഇപ്പോഴിതാ സിനിമയിലെ തന്‍റെ കഥാപാത്രത്തിന്‍റെ ന്യൂഡ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെ കുറിച്ച് ദിവ്യപ്രഭ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ദിവ്യപ്രഭ ഇതേകുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.
ക്യാൻ ഫിലിം ഫെസ്‌റ്റിവലിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പുരസ്‌കാരം നേടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദിവ്യപ്രഭ പറയുന്നത്. എന്നാല്‍ സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ തന്നെ റിലീസിന് ശേഷമുള്ള ഈ വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും നടി പറയുന്നു.
"സമയം എടുക്കും.. ഒരുപാട് സമയമെടുക്കും.. ഇവിടത്തെ വ്യവസ്‌ഥിതിയും ചിന്താഗതിയുമൊക്കെ മാറി വരാന്‍.. ഹോളിവുഡിൽ ആണെങ്കിൽ ഇതൊന്നും ഒരു പ്രശ്‌നമേ അല്ല. ഞാനൊരു ഇന്ത്യന്‍ നടിയാണല്ലോ. അതായത് ഇവിടെയുള്ള ആൾ. ഇതൊക്കെ പൂർണമായും മാറി പുതിയ ചിന്താഗതിയിലേയ്‌ക്ക് വരാൻ കുറച്ച് സമയമെടുക്കും.
ചിലപ്പോൾ അടുത്ത തലമുറയ്ക്ക് ഇതൊക്കെ ഓക്കെ ആയിരിക്കും. ഇവിടെ ചിലർ പൊക്കിപ്പിടിക്കുന്നത് സിനിമയിലെ ന്യൂഡിറ്റിയാണ്. ഇത് നെഗറ്റീവായി ചിന്തിക്കുന്നവർ ഒന്ന് മനസ്സിലാക്കണം, 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ക്യാൻ ഫിലിം ഫെസ്‌റ്റിവലിൽ പുരസ്‌കാരം നേടുന്നത്.
സിനിമയിലെ ആശയം മികച്ചത് അല്ലായിരുന്നെങ്കിൽ ഈ ചിത്രം ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുമായിരുന്നോ? സിനിമയുടെ ആശയത്തെ ആരും ഉൾക്കൊള്ളാൻ ശ്രമിക്കുന്നില്ല. എല്ലാവരും വലിയ വിഷയമായി കാണുന്നത് ഈ കഥാപാത്രം ചെയ്‌ത അത്തരം രംഗങ്ങളാണ്." -ദിവ്യപ്രഭ വ്യക്‌തമാക്കി.
പ്രേക്ഷകരെ പ്രീണിപ്പിക്കാൻ വേണ്ടിയല്ല പ്രസ്‌തുത രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതെന്നും നടി പറയുന്നു. ഇതൊരു സിനിമയും അതിലുള്ളത് കഥാപാത്രങ്ങളുമാണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കണമെന്നും ദിവ്യപ്രഭ അഭിപ്രായപ്പെട്ടു.
"ഈ സിനിമയ്ക്ക് പിന്നില്‍ പ്രവർത്തിച്ചവരെല്ലാം അക്കാദമിക്കൽ ബാക്ക്‌ഗ്രൗണ്ട് ഉള്ളവരാണ്. സിനിമ പഠിച്ചവരാണ്. അവർ ഒരിക്കലും മാനസിക ദൗർബല്യമുള്ള ഇത്തരം ആളുകളെ അല്ലങ്കിൽ പ്രേക്ഷകരെ പ്രീണിപ്പിക്കാൻ വേണ്ടിയല്ല പ്രസ്‌തുത രംഗങ്ങൾ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതൊരു സിനിമയും അതിലുള്ളത് കഥാപാത്രങ്ങളുമാണ്.
ഒരു കഥയുടെ സുഗമമായ യാത്രയ്ക്ക് ഇത്തരം രംഗങ്ങൾ നിർബന്ധമാണെങ്കിൽ അത് ഉൾക്കൊള്ളിക്കുക തന്നെ ചെയ്യണം. അതൊരു തെറ്റാണെന്ന് ഞാൻ ചിന്തിക്കുന്നില്ല. ഈ സിനിമയിലെ ന്യൂഡ് രംഗങ്ങൾ കണ്ട് ചില പ്രേക്ഷകർ അതിനെ ദുർവ്യാഖ്യാനം ചെയ്‌തു. സിനിമയെ ജനങ്ങൾ സിനിമയായി കാണുമെന്നും കഥാപാത്രത്തെ കഥാപാത്രമായി ഉൾക്കൊള്ളുമെന്നും പ്രതീക്ഷിച്ചത് എന്‍റെ തെറ്റ്."-ദിവ്യപ്രഭ പ്രതികരിച്ചു.
സിനിമയിലെ ഇന്‍റിമേറ്റ് രംഗങ്ങളെ കുറിച്ചും നടി പ്രതികരിച്ചു. തനിക്ക് സിനിമയും കഥയുമാണ് വലുതെന്നും ഇത്തരം രംഗങ്ങൾ അഭിനയിക്കുന്നതിൽ ഒരു പ്രശ്‌നവും തോന്നിയില്ലെന്നും ദിവ്യപ്രഭ വ്യക്‌തമാക്കി. ന്യൂഡ് രംഗങ്ങൾ ചെയ്‌തിട്ടുള്ള പല അഭിനേതാക്കള്‍ക്കും ലഭിക്കാത്ത ചില പ്രത്യേക ആനുകൂല്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നടി വ്യക്‌തമാക്കി.
"സിനിമയ്ക്കുള്ളിൽ കഥാപാത്രങ്ങൾ ചെയ്യുന്ന കാര്യങ്ങളെ നെറികേടായി കാണുന്ന പ്രേക്ഷകർ ലോക സിനിമകൾ കാണുന്നില്ല എന്നുള്ളതാണ് വാസ്‌തവം. ഒരു അഭിനേതാവിന്‍റെ തൊഴിലിനെ കുറച്ച് ഇത്തരം അപവാദങ്ങൾ പറയുന്ന ആളുകള്‍ക്ക് ധാരണയില്ല. അവർക്ക് സിനിമ എന്താണെന്ന് അറിയില്ല. ഇതൊക്കെ സ്വന്തം ജീവിതത്തിലെ ചില ഫ്രസ്‌ട്രേഷന്‍സ് പ്രകടിപ്പിക്കുന്നതാണ്.
സിനിമ ക്യാൻസിൽ എത്തുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇത്തരമൊരു വിവാദം ഉറപ്പായും പ്രതീക്ഷിച്ചു. ഇതുവരെയുള്ള ഒരു സിനിമയിലും ഇതുപോലുള്ള രംഗങ്ങൾ ഞാന്‍ ചെയ്‌തിട്ടില്ല. അപ്പോൾ സിനിമയിലെ തിരക്കഥയിൽ ഉള്ളതു പോലെ അഭിനയിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നതിന് ചില കാരണങ്ങൾ ഉണ്ടാകണമല്ലോ.
തിരക്കഥ ഈ രീതിയിലൊക്കെ എന്നെക്കൊണ്ട് അഭിനയിപ്പിക്കാൻ കൺവിൻസ് ചെയ്യിപ്പിക്കണമല്ലോ. ന്യൂഡ് രംഗങ്ങൾ ഇതിന് മുമ്പും പല സിനിമകളിലും പല അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവർക്കൊന്നും ലഭിക്കാത്ത ചില പ്രത്യേക ആനുകൂല്യം എനിക്ക് ലഭിച്ചിട്ടുണ്ട്.
ഈ സിനിമയിലെ ഇന്‍റിമേറ്റ് രംഗങ്ങൾ അഭിനയിക്കുന്നതിന് എന്‍റെ നിർദേശ പ്രകാരം ഇന്‍റിമസി കോഡിനേറ്ററായി ഒരു അഡ്വക്കേറ്റിനെ അണിയറ പ്രവർത്തകർ നിയോഗിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല അത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ എന്‍റെ നിർദേശപ്രകാരം വളരെ കുറച്ച് അണിയറ പ്രവർത്തകരെ മാത്രമെ ലൊക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഇത്തരം രംഗങ്ങൾ അഭിനയിക്കുന്നതിൽ എനിക്ക് ഒരു പ്രശ്‌നവും തോന്നിയില്ല. സിനിമയും കഥയുമാണ് വലുത്."-ദിവ്യപ്രഭ അഭിപ്രായപ്പെട്ടു.
സിൽക്ക് സ്‌മിത എന്ന അഭിനേത്രിയെ ഒരു മനുഷ്യ സ്ത്രീയായി കണ്ടതും വിശുദ്ധവത്കരിച്ചതും അവരുടെ മരണശേഷമാണെന്നും നടി പ്രതികരിച്ചു. മരണ ശേഷമാണ് സില്‍ക്ക് സ്‌മിതയുടെ കഥാപാത്രങ്ങളെ ജനങ്ങൾക്ക് വേണ്ട രീതിയിൽ ഉൾക്കൊള്ളാൻ സാധിച്ചതെന്നും ദിവ്യപ്രഭ വ്യക്‌തമാക്കി.
"അവർ ജീവിച്ചിരുന്നപ്പോൾ അവരുടെ വ്യക്‌തി ജീവിതത്തോട് അവഗണനയും പുച്ഛവും വെറിയുമാണ് ഇവിടത്തെ പ്രേക്ഷകർ പ്രകടിപ്പിച്ചത്. അങ്ങനെയുള്ള നമ്മുടെ നാട്ടിൽ നിന്നും ഇപ്പോൾ കേൾക്കുന്നതിലുപരി എന്ത് പ്രതീക്ഷിക്കാനാണ്?
എന്നാൽ ഇപ്പോഴോ? സിൽക്ക് സ്‌മിതയെ ഉൾക്കൊള്ളാൻ ഇവിടുത്തെ ജനങ്ങൾക്കായി. അതുപോലെയാണ് എന്‍റെ കാര്യവും. അടുത്ത തലമുറ ഈ സിനിമ കാണുമ്പോൾ അവർക്ക് സിനിമയെ സിനിമയായി കാണാൻ സാധിക്കും." -ദിവ്യപ്രഭ പറഞ്ഞു.