ഹൈദരാബാദ് :തെലങ്കാനയിൽ, ഹൈദരാബാദിൻ്റെ ഹൃദയഭാഗത്തായി ഭാവനയുടെ അതിർവരമ്പുകൾ മറികടക്കുന്ന ഒരു വിസ്‌മയമുണ്ട് - റാമോജി ഫിലിം സിറ്റി, റാമോജി റാവുവിൻ്റെ മനസിൽ വിരിഞ്ഞ ആശയം. സമാനതകളില്ലാത്ത സർഗാത്മകതയുടെയും പുതുമയുടെയും തെളിവായി ഈ വിശാലമായ സമുച്ചയം നിലകൊള്ളുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണ് റാമോജി ഫിലിം സിറ്റി.
തെലുഗു സിനിമയെ ആഗോള തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഫിലിം സിറ്റിയുടെ ഉത്ഭവം ഒരു കാരണമായി. റാമോജി റാവു എന്ന അതികായന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഫലമായി പടുത്തുയർത്തപ്പെട്ട ഫിലിം സിറ്റി ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ കേന്ദ്രമായി ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരെ ആകർഷിച്ചുകൊണ്ട് സിനിമാറ്റിക് മികവിൻ്റെ പ്രഭവകേന്ദ്രമായി റാമോജി ഫിലിം സിറ്റി മാറി. ഒപ്പം ചലച്ചിത്രനിർമാണത്തിൻ്റെ ഭൂപ്രകൃതിയെ പുനർനിർവചിക്കുകയും മികവിൻ്റെയും പുതുമയുടെയും പുതിയ മാനദണ്ഡങ്ങൾ തീർക്കുകയും ചെയ്‌തു.
ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികളുടെ പറുദീസ കൂടിയാണിത്. കുന്നുകൾ, പാറകൾ, തരിശായ നിലങ്ങൾ എന്നിവ ഫിലിം സിറ്റിയുടെ ഓരോ കോണിലും ഓരോ കഥ പറയുന്നു. അത്യാധുനിക സൗകര്യങ്ങളും അസംഖ്യം പശ്ചാത്തലങ്ങളുമുള്ള റാമോജി ഫിലിം സിറ്റി ഭാഷയോ വിഭാഗമോ പരിഗണിക്കാതെ ഓരോ ചലച്ചിത്ര നിർമാതാവിൻ്റെയും സ്വപ്‌നങ്ങൾക്ക് ചിറകേകുന്നു.
ചലച്ചിത്ര പ്രവർത്തകർക്ക് മുന്നിൽ നിരവധി ഓപ്ഷനുകളാണ് ഫിലിം സിറ്റി തുറന്നുവയ്‌ക്കുന്നത്. ഏത് കഥയ്‌ക്കും അനുയോജ്യമായ പശ്ചാത്തലം ഈ സ്വപ്‌നഭൂമികയിൽ റെഡിയാണ്. എയർപോട്ടോ ആശുപത്രിയോ ക്ഷേത്രമോ, സീൻ ഏതുമായിക്കൊള്ളട്ടെ നൂറുകണക്കിന് ലൊക്കേഷനുകൾ റാമോജി ഫിലിം സിറ്റി വാഗ്‌ദാനം ചെയ്യുന്നു.