ഇന്ത്യൻ സിനിമയുടെ സ്‌റ്റൈല്‍ മന്നൻ രജനികാന്ത് ഇന്ന് 74-ാം ജന്മദിനം. ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ കമൽ ഹാസനൊപ്പം തുടങ്ങിയ സിനിമായാത്ര ഇന്ന് എത്തിനില്‍ക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളായാണ്.
അദ്ദേഹത്തിന്‍റെ സ്‌റ്റൈലിനും ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുണ്ട്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന്‍റെ വസിതിക്ക് മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിരുന്നു. എല്ലാവർഷവും രജനികാന്തിന്‍റെ ചെന്നൈയിലെ വീട്ടിന് പുറത്ത് ഒരു കൂട്ടം ആരാധകർ പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. തലൈവരുടെ കൂറ്റൻ പോസ്റ്ററുകളും കട്ടൗട്ടുകളുമായാണ് ഫാൻസുകാർ എത്തുന്നത്. ഇത്തവണ,അർദ്ധരാത്രിക്ക് ശേഷമാണ് ആഘോഷങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വ്യത്യസ്‌തമായ കേക്കുകൾ രജനികാന്തിന് നൽകാനും ഫാൻസുകാർക്ക് ആവേശമാണ്. രജനികാന്തിന്‍റെ കഴിഞ്ഞ വർഷത്തെ ജന്മദിനത്തിൽ മധുരയിലെ ആരാധകർ 15 അടി നീളമുള്ള 73 കിലോഗ്രാം കേക്കാണ് മുറിച്ചത്.
എന്‍റെ പ്രിയ സുഹൃത്ത്, സൂപ്പർ സ്റ്റാർ രജനികാന്തിന് ജന്മദിനാശംസകൾ. ഇനിയും കൂടുതൽ കൂടുതൽ വിജയങ്ങൾ നേടട്ടെ. നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘകാലം ഇരിക്കട്ടെ എന്നാണ് കമൽ ഹാസൻ പിറന്നാൾ ആശംസകൾ നേർന്ന് എക്സിൽ കുറിച്ചത്.
ജന്മദിനാശംസകൾ പ്രിയ രജനികാന്ത് , വരും വർഷങ്ങളിൽ നിങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. എന്നേക്കും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നാണ് മമ്മൂട്ടി തന്‍റെ എക്‌സില്‍ ആശംസകള്‍ നേര്‍ന്ന് കുറിച്ചത്.
ജന്മദിനാശംസകൾ, പ്രിയപ്പെട്ട രജനികാന്ത് സർ! സ്‌ക്രീനിലും പുറത്തും നിങ്ങളുടെ യാത്ര ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നത് തുടരുന്നു. നല്ല ആരോഗ്യം, സന്തോഷം, അനന്തമായ സന്തോഷ നിമിഷങ്ങൾ എന്നിവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. ഒരുപാട് സ്നേഹവും ബഹുമാനവുമെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.