ന്യൂഡൽഹി: 2024 ൽ 11,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ഫൈനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു-ഐഎൻഡി). എഫ്ഐയു-ഐഎൻഡി നിയമ നിർവ്വഹണ ഏജൻസികളുടെ സംയുക്‌ത പരിശോധനയില്‍ ഈ വർഷം 10,998 കോടി രൂപയുടെ കണക്കില്‍ പെടാത്ത വരുമാനം കണ്ടെത്തിയതായും ധനകാര്യ മന്ത്രാലയം അറിയിച്ചു.
2,763 കോടി രൂപയുടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളും 983.4 കോടി രൂപയുടെ അനധികൃത സ്വത്തുക്കളും കണ്ടുകെട്ടിയതായും കണക്കില്‍ പറയുന്നു. ഏജൻസിയുടെ കണക്ക് പ്രകാരം 461 കിലോഗ്രാം മയക്കുമരുന്ന്, സൈക്കോട്രോപിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതില്‍ 39.14 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ 184 പേരെ അറസ്‌റ്റ് ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഏജൻസിയായ എഫ്ഐയു-ഐൻഡ് ആണ് പരിശോധിക്കുന്നത്. എൻഫോഴ്‌സ്‌മെൻ്റ്, വിദേശ എഫ്ഐയു എന്നിവിടങ്ങളിലെ റിപ്പോര്‍ട്ടുകളും എഫ്ഐയു പരിശോധിക്കും.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ കേസുകളില്‍ ഇൻ്റലിജൻസ്, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളെ ഏകോപിപ്പിക്കുന്നത് ഫൈനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് ആണ്. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള ഇക്കണോമിക് ഇൻ്റലിജൻസ് കൗൺസിലിനെ (ഇഐസി) നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര സ്ഥാപനം കൂടിയാണ് എഫ്ഐയു.