സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്‍റെ ആരോഗ്യ നില തൃപ്‌തികരം. ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ ഇറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ്(സെപ്റ്റംബ്ര്‍ 30) 73 കാരനായ രജനികാന്തിനെ ചെന്നൈയിലെ ഗ്രെയിംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറു വേദനയെ തുടര്‍ന്നാണ് താരം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്.
താരത്തിന്‍റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് അപ്പോളോയില്‍ ചികിത്സ തേടാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്‌ത്രക്രിയയില്‍ അടിവയറ്റിന് താഴെ സ്‌റ്റന്‍ഡ് സ്ഥാപിച്ചു. മൂന്ന് പ്രത്യേക ഡോക്‌ടറുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും പ്രസ്‌താവനയില്‍ പറയുന്നു. ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ് ഡോ. സായ് സതീഷിന് കീഴിലാണ് ചികിത്സ.
അതേസമയം രജനികാന്തിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്ത് എത്തിയിരുന്നു. രജനികാന്തിന്‍റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ എക്‌സില്‍ കുറിച്ചു.