ചില സിനിമകള്‍ കാണുമ്പോള്‍ തിയേറ്ററില്‍ വളരെ ആവേശം കൊള്ളാറുണ്ട് നമ്മളില്‍ പലരും. ചിലതാവട്ടെ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. എന്നാല്‍ മുടക്കിയ പണം നഷ്‌ടമാകുമല്ലോയെന്നോര്‍ത്ത് തിയേറ്ററില്‍ സിനിമ അവസാനിക്കുന്നത് വരെ ഇരിക്കുന്നവരുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല. അതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് തിയേറ്റര്‍ ശൃംഘലയായ വി.ആർ. ഐനോക്‌സ് മൾട്ടിപ്ലക്‌സ്. എന്ത് കാരണം കൊണ്ടായാലും സിനിമ കാണുന്ന സമയത്തിന് മാത്രം ഇനി പണം മുടക്കിയാല്‍ മതി. ഫ്ലക്‌സി ഷോ എന്ന സംവിധാനമാണ് തിയേറ്ററില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. ചില തിയേറ്ററുകളില്‍ ഈ പരീക്ഷണം നടപ്പാക്കുകയും ചെയ്‌തിട്ടുണ്ട്.
ഈ സംവിധാനം അനുസരിച്ച് ഒരു സിനിമ കാണുന്നതിനിടയിൽ പകുതിക്ക് നിര്‍ത്തേണ്ടി വന്നാൽ സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക. ടിക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്‌താല്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വീഡിയോ അനലറ്റിക്‌സ് സംവിധാനമുപയോഗിച്ച് സീറ്റ് നിരീക്ഷിച്ചു അവിടെ ആളുവരുന്നതും പോകുന്നതും അനുസരിച്ചു പണമീടാക്കുന്നതാണ് ഈ പദ്ധതി.