ഹൈദരാബാദ്: പുഷ്‌പ 2 പ്രിമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കി സിനിമയുടെ നിര്‍മാതക്കളായ മൈത്രി മൂവിമേക്കേഴ്‌സ്. മരിച്ച യുവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിനാണ് നിര്‍മാതാക്കള്‍ ചെക്ക് കൈമാറിയത്. നേരത്തെ അല്ലു അര്‍ജുന്‍ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. കുടുംബത്തിന് ചെക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മന്ത്രി കൊമാട്ടി റെഡ്‌ഡിയും ഒപ്പമുണ്ടായിരുന്നു.
ഹൈദരാബാദിലെ ദില്‍ഷുക് നഗറിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും എട്ടു വയസുകാരനായ മകന് മസ്‌തിഷ്‌ക മരണം സംഭവിക്കുകയും ചെയ്‌തിരുന്നു.
നേരത്തെ പുഷ്‌പയുടെ സംവിധായകന്‍ സുകുമാര്‍ യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. അതേസമയം കുടുംബത്തിന് ആവശ്യമുള്ള പിന്തുണ ഇനിയും നല്‍കാന്‍ തയാറാണെന്ന് അല്ലു അര്‍ജുന്‍ വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അല്ലു അര്‍ജുന്‍റെ വീട്ടിലെത്തി പോലീസ് താരത്തെ അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ തെലുഗാന ഹൈക്കോടതി ഇടപെടല്‍ മൂലം താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചുവെങ്കിലും ഒരു രാത്രി ജയിലില്‍ കിടന്നതിന് ശേഷമാണ് അല്ലു അര്‍ജുന്‍ വീട്ടിലെത്തിയത്.
യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ (ഡിസംബര്‍ 22) നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. നടന്‍റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കം തല്ലിതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലാണ്. പ്രതിഷേധക്കാര്‍ വീട് ആക്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മരിച്ച യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറിയത്. യുവതിയുടെ കുടുംബത്തിന് ഒരു കോടി നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലുഗാന മുഖ്യമന്ത്രി രേവന്ത് റെഡി ആരോപിച്ചത്. സന്ധ്യ തിയേറ്ററിലുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
പുഷ്‌പ -2 റിലീസിന്‍റെ ഭാഗമായി ചിത്രത്തിലെ നായകനും നായികയും പ്രൊഡക്ഷന്‍ ടീമും തിയേറ്ററില്‍ എത്തുന്നതിന് അനുമതി തേടി സന്ധ്യ തിയേറ്റര്‍ മാനേജ്മെന്‍റ് പൊലീസിന് അപേക്ഷ നല്‍കിയിരുന്നു.
ഡിസംബര്‍ മൂന്നിന് തന്നെ പൊലീസ് അപേക്ഷ നിരസിക്കുകയും നായകനോടും നായികയോടും പ്രൊഡക്ഷന്‍ ടീമിനോടും തിയേറ്ററില്‍ എത്തരുതെന്ന് അറിയിക്കുകയും ചെയ്‌തു. പൊലീസിന്‍റെ മുന്നറിയിപ്പ് നിരസിച്ച് രാത്രി 9:30 ഓടെ അല്ലു അര്‍ജുന്‍ സ്ഥലത്ത് എത്തുകയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡ് ഷോ നടത്തിയാണ് താരം തിയേറ്ററിലേക്ക് എത്തിയതെന്നാണ് ആരോപണം.
Also Read:'ഇനി ഇവിടെ ഞാന്‍ മതി', ഉണ്ണി മുകുന്ദന്‍റെ തീപ്പാറുന്ന ആക്ഷന്‍ ടീസര്‍ പുറത്തുവിട്ട് 'മാര്‍ക്കോ' ടീം