ആധുനിക സമൂഹത്തിൽ ഏറെ ചർച്ചയാകുന്ന മെന്‍റലിസത്തെ ആസ്‌പദമാക്കി മലയാളത്തില്‍ ഒരു ചിത്രം ഒരുങ്ങുന്നു. 'ഡോ. ബെന്നറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഒരുക്കുന്നത്. ടിഎസ് സാബു ആണ് സിനിമയുടെ സംവിധാനം
സൈക്കോ ത്രില്ലർ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നവാഗതനായ ജിൻസ് ജോയ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷയാണ് ചിത്രത്തിലെ നായിക. ഐപിഎസ് കഥാപാത്രമായാണ് ചിത്രത്തിൽ ആയിഷ എത്തുന്നത്.
സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചിത്രം ചര്‍ച്ച ചെയ്യുന്നു. സിനിമയിൽ നിരവധി യൂട്യൂബ് ഇൻഫ്ലുവൻസേഴ്‌സും 160ഓളം സപ്പോർട്ടിംഗ് അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കാസർകോഡും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
കഴിഞ്ഞ ദിവസം സിനിമയുടെ പൂജ നടന്നു. പാലാരിവട്ടം റെനെ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ നിര്‍മ്മാതാവ് വിനോദ് വാസുദേവന്‍റെ മാതാവ് രാധാമണി, സംവിധായകൻ ടിഎസ് സാബുവിന്‍റെ പിതാവ് കോളിൻ തോമസ്, സഹോദരി ബെറ്റ്സി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. നടൻ ധർമ്മജൻ ബോൾഗാട്ടി വിആർ മൂവി ഹൗസ് പ്രൊഡക്ഷൻ ബാനറിന്‍റെ ഒഫീഷ്യൽ ലോഞ്ച് ചെയ്‌തു.