പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന 'എമ്പുരാന്'. പ്രഖ്യാപനം മുതല്‍ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒരു വമ്പന്‍ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
'എമ്പുരാനി'ലെ 30 ശതമാനം സംഭാഷണങ്ങളും ഹിന്ദിയില്‍ ആണെന്നാണ് സംവിധായകന് പറയുന്നത്. സിനിമയുടെ ഹിന്ദി പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ ഈ വെളിപ്പെടുത്തല്‍.
"എമ്പുരാന് ഒരു സ്റ്റാന്ഡ്എലോണ് ചിത്രമാണ്. ആദ്യ ഭാഗം കണ്ടിട്ടില്ലാത്തവര്‍ക്കും ചിത്രം കണ്ടാല്‍ കഥ മനസ്സിലാകും. ലൂസിഫര്‍ കേരള പൊളിറ്റിക്സില്‍ ഊന്നി കഥ പറഞ്ഞ ചിത്രമാണ്, എന്നാല്‍ എമ്പുരാന് അങ്ങനെയല്ല. മലയാളം ഉള്‍പ്പെടെയുള്ള സിനിമയുടെ മറ്റ് പതിപ്പുകളിലെല്ലാം ഹിന്ദി ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തും. അതുകൊണ് ഈ സിനിമയ്ക്ക് നോര്‍ത്തില്‍ ഒരു വൈഡ് റിലീസ് വേണം എന്നുള്ളത് ഞങ്ങളുടെ ആദ്യം മുതലുള്ള തീരുമാനം ആയിരുന്നു," പൃഥ്വിരാജ് പറഞ്ഞു.
'എമ്പുരാന്' ഹിന്ദി സിനിമയാണെന്ന് കാണുന്ന പ്രേക്ഷകരില്‍ സംശയം തോന്നുമോ? ഇതേ കുറിച്ചും സംവിധായകന് പറയുന്നു. "എമ്പുരാന്റെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഒരു ഹിന്ദി സിനിമയാണോ നിങ്ങള്‍ കാണുന്നത് എന്നുവരെ നിങ്ങള്‍ക്ക് തോന്നിയേക്കാം. കഥയില്‍ ശരിക്കും ഹിന്ദിയുടെ ആവശ്യം ഉണ്ടെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ക്ക് അതൊരു പ്രശ്നമായി തോന്നില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.