മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്‍റെ (Bhavana Studios) ഏറ്റവും പുതിയ സിനിമയാണ് 'പ്രേമലു'. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 9ന് പ്രേമലു തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന 'പ്രേമലു' ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും (Naslen K Gafoor) മമിത ബൈജുവുമാണ് (Mamitha Baiju) ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തന്‍റെ മുൻകാല ചിത്രങ്ങളെപ്പോലെ തന്നെ 'പ്രേമലു'വും ജനങ്ങൾ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സംവിധായകൻ ഗിരീഷ് എഡി പറഞ്ഞു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു 'പ്രേമലു' ടീം.
'സൂപ്പർ ശരണ്യ', 'തണ്ണീർ മത്തൻ ദിനങ്ങൾ' സിനിമകളിലേത് പോലെ കഥാസന്ദർഭങ്ങളും കഥാപാത്ര സ്വഭാവവും താരനിരയും ആവർത്തിക്കുന്ന രീതി പ്രേമലുവിലും തുടരുന്നല്ലോ എന്ന ചോദ്യത്തിന് ബോധപൂർവം സംഭവിക്കുന്നതല്ല അതെന്നായിരുന്നു സംവിധായകന്‍റെ മറുപടി. തന്‍റെ മുൻ ചിത്രങ്ങളുടെ ശൈലി പിന്തുടർന്നിട്ടുണ്ട്. പക്ഷേ സിനിമയുടെ ആശയം തികച്ചും വ്യത്യസ്‌തമാണ്.
പുതിയൊരു രൂപത്തിലും ഭാവത്തിലും, തന്‍റെ കലാസ്വഭാവവും രീതികളും അപ്പാടെ മാറ്റി ഒരു പരീക്ഷണ ചിത്രം ഒരുക്കുന്നതിലും നല്ലത് പ്രേക്ഷകർക്ക് കൃത്യമായി ഇഷ്‌ടപ്പെടുമെന്ന് ബോധമുള്ള വഴിയെ യാത്ര ചെയ്യുന്നതാണ്. ഭാവിയിൽ പ്രേക്ഷകർക്ക് തോന്നുന്ന ശൈലിയിലെ സാമ്യത മാറ്റിപ്പിടിച്ച് പുതിയ രീതിയിൽ ചിത്രം ഒരുക്കാൻ ശ്രമിക്കുമെന്നും ഗിരീഷ് എഡി പറഞ്ഞു.