അടുത്തകാലത്ത് മലയാളത്തിൽ വൻ ഹിറ്റായി മാറിയ ചിത്രമാണ് 'പ്രേമലു'. തിയേറ്ററുകളിൽ തരംഗം സൃഷ്‌ടിച്ച ഈ സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 'പ്രേമലു'വിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് പല വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുകയാണ്.
ഏപ്രിൽ 12ന് 'പ്രേമലു' ഒടിടിയിൽ പ്രദർശനം ആരംഭിക്കും. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ നസ്‌ലനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിലൂടെയാണ് സ്‌ട്രീമിങ് നടത്തുക. നിർമാതാക്കളായ ഭാവന സ്റ്റുഡിയോസും ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിച്ചുണ്ട്.
ഗിരീഷ് എഡി ആണ് യുവത്വത്തിന്‍റെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയ 'പ്രേമലു'വിന്‍റെ സംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്‌ത സിനിമയാണിത്. റൊമാന്‍റിക് കോമഡി ചിത്രമായി ഒരുക്കിയ 'പ്രേമലു' ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നാണ് നിർമിച്ചത്. ഹൈദരാബാദാണ് ഈ സിനിമ പശ്ചാത്തലമാക്കുന്നത്.