തിരുവനന്തപുരം: ഐസിസികൾ ഫലപ്രദമല്ലെന്നും മൊഴികൾ നൽകി മറഞ്ഞിരിക്കാതെ പരാതി തുറന്ന് പറയണമെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാർ. ദുരനുഭവം ഉണ്ടായാൽ ഭയന്ന് ഒളിച്ചിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍റേണല്‍ കംപ്ലൈന്‍റ്‌സ് കമ്മിറ്റി ഓരോ സെറ്റിലും ഓരോ ഘടനയിലാണ്. ആരോപണം ഉന്നയിക്കുന്നവർ മൊഴികൾ നൽകി മറഞ്ഞിരിക്കരുത്. പരാതി തുറന്ന് പറയണം. നടി ആക്രമിക്കപെട്ട കേസിൽ ആക്രമിക്കപ്പെട്ട നടി ശക്തമായ നിലപാട് സ്വീകരിച്ചു. ആ കേസിൽ വലിയൊരു ക്രിമിനൽ ജയിലിൽ കിടക്കുകയാണ്. നടി സ്വീകരിച്ച ശക്തമായ നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ഇത് സംഭവിച്ചത്.
ദുരനുഭവം ഉണ്ടായാൽ ഭയന്ന് ഒളിച്ചിരിക്കേണ്ടതില്ല. അങ്ങനെ ഒരു സാമൂഹിക സാഹചര്യമില്ല. ഇത് കേരളമാണ്. ഞാൻ സിനിമയിൽ എത്തിയിട്ട് 30 വർഷത്തോളമായി. പല ആരോപണങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. വ്യക്തിപരമായി ആരും ഇതു പറഞ്ഞിട്ടില്ല. എന്നാൽ കമ്മിറ്റിക്ക് മുന്നിൽ പലരും ഇതു പറഞ്ഞു. പല ആരോപണങ്ങളും അതിന് ശേഷം ഉണ്ടായി. പ്രത്യേക അന്വേഷണ സംഘം ഇത് അന്വേഷിക്കും.