കൽക്കി 2898 എഡിയുടെ ബോക്സോഫിസ് കുതിച്ചുചാട്ടം തുടരുവെ, പ്രേക്ഷകര്‍ ഇനി ഉറ്റുനോക്കുന്നത് 'സ്‌പിരിറ്റ്' ലേക്കാണ്. പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്‌പിരിറ്റ്'. ചിത്രത്തില്‍ പ്രതിനായകനായി ദക്ഷിണ കൊറിയൻ നടൻ മാ ഡോങ്-സിയോക്കി എത്താമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ചിത്രത്തിന്‍റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി സിനിമാലോകം കാത്തിരിക്കുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് പ്രഭാസ് ചിത്രത്തില്‍ മാ ഡോങ്-സിയോക്കി വേഷമിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമാവുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ചിത്രം ഇന്ത്യൻ ഭാഷകൾക്കൊപ്പം ചൈനീസ്, കൊറിയൻ ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്.
ദക്ഷിണ കൊറിയയിൽ ജനിച്ച മാ ഡോങ്-സിയോക്കിയുടെ സിനിമായാത്ര ശ്രദ്ധേയമാണ്. സപ്പോർട്ടിങ് റോളുകളിലൂടെ അഭിനയ രംഗത്ത് എത്തിയ സിയോക്കി രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാവായി മാറുകയുമായിരുന്നു. 2004-ൽ 'ഡാൻസ് വിത്ത് ദി വിൻഡ്' എന്ന ചിത്രത്തിലൂടെയാണ് മാ ഡോങ്-സിയോക്ക് സിനിമയിലേക്കുളള അരങ്ങേറ്റം നടത്തുന്നത്. 'ദി ഗുഡ്', 'ദി ബാഡ്', 'ഇൻസാഡോങ് സ്‌കാൻഡൽ', 'പെർഫക്റ്റ് ഗെയിം' തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം അഭിനയരംഗത്തെ തന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു.
2016-ലെ 'ട്രെയിൻ ടു ബുസാന്‍' എന്ന ചിത്രത്തിലെ 'സാങ്-ഹ്വ' എന്ന കഥാപാത്രമാണ് മാ ഡോങ്-സിയോക്ക് അന്താരാഷ്‌ട്ര ശ്രദ്ധ നേടി കൊടുത്തത്. 2021-ൽ പുറത്തിറങ്ങിയ 'എറ്റേണൽസ്' എന്ന ചിത്രത്തിലൂടെ താരം തന്‍റെ ഹോളിവുഡ് അരങ്ങേറ്റവും കുറിച്ചു. 'സ്‌പിരിറ്റ്' ലൂടെ സിയോക്ക് ഇന്ത്യന്‍ സിനിമയിലെത്തുമെന്നാണ് പ്രതീക്ഷ.
Also Read:അർഹത ഉണ്ടായിട്ടും പരിഗണിച്ചില്ല; 'അമ്മ' സംഘടനയ്‌ക്കെതിരെ നടൻ സത്യന്‍റെ മകൻ