പൊന്നാനി -മലയാളത്തിലെ മുൻനിര ചിത്രങ്ങളിലെ നായകന്മാർക്ക് പ്രതികാരം ചെയ്യാൻ പൊന്നാനിയിലെ മണ്ണിൽ ഒരു ഇടം ഉണ്ടായിരുന്നു. പ്രതികാര ജ്വാലയിൽ നായകൻ വില്ലനെ കുത്തിമലർത്തി ചോര ചിന്തിച്ച ഭൂമിക കേരള ചരിത്രാംശം ഉറങ്ങുന്ന മണ്ണ് കൂടിയാണ്.
'പറവ', 'പാപ്പി അപ്പച്ച', 'ചാണക്യ തന്ത്രം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ക്ലൈമാക്‌സ് രംഗങ്ങൾ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നതിൽ ആ ഭൂമി കൂടി മുഖ്യ പങ്കുവഹിക്കുന്നുണ്ട്. പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് നേരെ എതിർവശമുള്ള പാണ്ടികശാലയാണ് ആ ഇടം.
വലിയ ആൽമരങ്ങൾക്ക് താഴെ മേൽക്കൂരയില്ലാതെ നിൽക്കുന്ന ഒരു കെട്ടിടം. ചുവരുകളിലൂടെ ആൽമര വേരുകൾ പിടിച്ചു കയറിയിരിക്കുന്നു. നഗര ഹൃദയത്തിൽ ആണെങ്കിലും ഏതോ ഉൾവനത്തിൽ ഒറ്റപ്പെട്ട കെട്ടിടത്തിന്‍റെ പ്രതീതി.
പറവ സിനിമയിൽ ദുൽഖർ സൽമാന്‍റെ കഥാപാത്രത്തെ കൊലപ്പെടുത്തിയ സൗബിൻ ഷാഹിറിന്‍റെയും, ശ്രീനാഥ് ഭാസിയുടെയും കഥാപാത്രങ്ങളോട് നായകനായ ഷെയ്ൻ നിഗം പ്രതികാരം ചെയ്യുന്നത് ഈ ലൊക്കേഷനിൽ വച്ചാണ്. സൗബിന്‍റെയും ഭാസിയുടെയും കഥാപാത്രങ്ങൾ കനത്ത മഴയിൽ മേൽക്കൂരയില്ലാത്ത ചുവരുകൾക്കു മുകളിൽ കയറി നിന്ന് കൊലച്ചിരി ചിരിക്കുന്നത് സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകനിലും ദേഷ്യഭാവം ഉണർത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ചാണക്യതന്ത്രം' സിനിമയിൽ തമിഴ് ഗുണ്ടകളെ നടൻ ഉണ്ണി മുകുന്ദൻ ഇടിച്ച് നിലംപരിശാക്കുന്നതും ഇവിടെവച്ചാണ്. 'പാപ്പി അപ്പച്ച' സിനിമയിൽ നടൻ സുരേഷ് കൃഷ്‌ണയുടെ വില്ലൻ കഥാപാത്രത്തെ ദിലീപിന്‍റെ കഥാപാത്രമായ പാപ്പി ഇടിച്ച് ശരിയാക്കുന്നതും ഈ മണ്ണിൽ വച്ച് തന്നെ.
മലയാളത്തിന്‍റെ പ്രിയപ്പെട്ട ക്ലൈമാക്‌സ് ലൊക്കേഷൻ ഇനി ഓർമ്മ. ഇടക്കാലത്ത് കാടുകയറി സാമൂഹിക വിരുദ്ധ കേന്ദ്രമായിരുന്നു ഇവിടം. മുൻസിപ്പാലിറ്റി ഇടപെട്ട് സ്ഥലം വൃത്തിയാക്കിയതോടെ സീരിയലുകളുടെയും ഷോർട്ട് ഫിലിമുകളുടെയും കല്യാണ വീഡിയോകളുടെയും പ്രധാന ലൊക്കേഷനായി ഇവിടം മാറി. ഇടവേളകളിൽ സിനിമകളും ചിത്രീകരിച്ചു പോന്നിരുന്നു.
തമിഴ് കന്നട ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ ഗുജറാത്തികളുടെ വാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു ഇവിടം.