പെപ്പെ നായകനാകുന്ന മാസ് ചിത്രത്തിനായി 20 അടിയുടെ കൂറ്റൻ സ്രാവിനെ ഒരുക്കി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം വ്യത്യസ്ഥ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആൻ്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്.
ആർഡിഎക്‌സിൻ്റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ( Weekend blockbusters) നിർമ്മിക്കുന്ന ചിത്രം കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ഏപ്രിൽ ആദ്യവാരത്തോട് കൂടി ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയാകും.
കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസറ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന അധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം.
കടലിൻ്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്‌റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ തക്ക വിധമാണ് ഈ ചിത്രത്തിൻ്റെ അവതരണം.