തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാൻ'. മലയാളികളുടെ പ്രിയതാരം പാർവതി തിരുവോത്തും ഈ സിനിമയിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ പാർവതിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് 'തങ്കലാൻ' ടീം.
പാർവതിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്‌റ്റർ പുറത്തുവിട്ടത്. 'ഗംഗമ്മ' എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം' എന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ പാർവതിയുടെ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഒപ്പം പിറന്നാളാശംസകളും 'തങ്കലാൻ' ടീം താരത്തിന് നേർന്നിട്ടുണ്ട്. ഏതായാലും 'തങ്കലാനി'ൽ ശക്തമായ കഥാപാത്രത്തെ തന്നെയാകും പാർവതി അവതരിപ്പിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബ്രിട്ടിഷ് ഭരണത്തിൻ കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്‌ടറിയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് പാ രഞ്ജിത്ത് 'തങ്കാലൻ' ഒരുക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാളവിക മോഹനനാണ് ഈ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രത്തിൽ നായികയായി എത്തുന്നത്.
സോഷ്യൽ മീഡിയയിലടക്കം വലിയ ഹൈപ്പ് ലഭിക്കുന്ന ഈ സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിലിൽ റിലീസ് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രം ജൂൺ - ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ജനുവരി 26ന് ഈ ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നതാണ്. പിന്നീട് പല കാരണങ്ങളാൽ റിലീസ് നീളുകയായിരുന്നു.
തമിഴിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലും റിലീസിനെത്തുന്ന 'തങ്കലാനി'ൽ പശുപതി, ഹോളിവുഡ് നടൻ ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്‌ണൻ അൻബുദുരൈ എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്. സ്‌റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും നീലം പ്രൊഡന്‍ക്ഷന്‍സും ചേര്‍ന്ന് നിർമിക്കുന്ന 'തങ്കാലൻ' ചിയാന്‍ വിക്രമിന്‍റെ ഏറ്റവും വലിയ മേക്കോവറുകളില്‍ ഒന്നു കൂടിയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. സിനിമയിലെ താരത്തിന്‍റെ ഗെറ്റപ്പുകള്‍ സോഷ്യല്‍ മീഡിയയിൽ തരംഗമാണ്.
അടുത്തിടെ പുറത്തുവന്ന ഈ സിനിമയുടെ ടീസറും കയ്യടി നേടിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്ന, ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും സ്വന്തം ഭൂമിയെയും അവിടുത്തെ ജനങ്ങളെയും രക്ഷിക്കാന്‍ ദൃഢനിശ്ചയം എടുക്കുന്ന അചഞ്ചലനായ നേതാവിന്‍റെ വേഷമാണ് ചിയാന്‍ വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സൂചന നൽകുന്നതായിരുന്നു ടീസർ.
Also Read:വിസ്‌മയിപ്പിക്കാന്‍ ചിയാന്‍ വിക്രം, പാ രഞ്‌ജിത്തിന്‍റെ തങ്കലാന്‍ ടീസര്‍ ശ്രദ്ധേയം