ഹൈദരാബാദ്:ബോളിവുഡ് താരങ്ങള്‍ ദക്ഷിണേന്ത്യന്‍ സംവിധായകരുമായി ഒന്നിച്ചതിലൂടെ നിരവധി ചിത്രങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. അതുപോലെ സിനിമ മേഖലയിലും പ്രേക്ഷകരിലും ഏറ്റവും ആവേശകരമാകുന്ന ഒരു ഒന്നിക്കലിനെ കുറിച്ചാണിപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പ്രശസ്‌ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം രണ്‍വീര്‍ സിങ് ഒന്നിക്കുന്നതിനെ കുറിച്ചാണിപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള ആക്ഷന്‍ ത്രില്ലറിനെ കുറിച്ച് ഏതാനും നാളുകളായി ചര്‍ച്ച നടന്ന് വരികയാണെന്ന് വാര്‍ത്തകള്‍ ഉയരുന്നുണ്ട്. പാ രഞ്ജിത്തിന്‍റെ സിനിമയില്‍ അഭിനനയിക്കുന്നതിന് രണ്‍വീര്‍ സിങ് താത്‌പര്യം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ താരത്തിന്‍റെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ബാക്കി നില്‍ക്കെ ഹിന്ദി സിനിമയിലേക്കുള്ള തന്‍റെ ചുവടുമാറ്റത്തെ കുറിച്ച് പാ രഞ്ജിത്ത് സ്ഥീരികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലൂടെയാണ് ഹിന്ദിയിലേക്ക് അരങ്ങേറ്റത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ കൂട്ട്‌ക്കെട്ടിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.