2024തുടക്കം മുതൽ തന്നെ മലയാള സിനിമകൾ തിയേറ്ററുകളിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. റിലീസിനെത്തിയ ഒട്ടുമിക്ക സിനിമകളും ബോക്‌സ് ഓഫിസ് അടക്കിവാഴുകയാണ്. പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സുമെല്ലാം കേരളവും കടന്ന് അയൽ സംസ്ഥാനങ്ങളിലും കലക്ഷൻ റെക്കോർഡുകൾ ഭേദിക്കുകയാണ്.
ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയാതെ പോയ ചിത്രങ്ങൾ ആസ്വദിക്കാനും തിയേറ്ററുകളിൽ ഹൃദയം കവർന്നവ വീണ്ടും കാണാനും ഈ ചലച്ചിത്രങ്ങളുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫെബ്രുവരി മാസത്തിൽ റിലീസിനെത്തിയ നിരവധി സിനിമകളാണ് മാർച്ച് മാസം മുതൽ നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം വീഡിയോ, സോണിലിവ്, ഡിസ്‌നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്‌ട്രീമിങ് ആരംഭിച്ചത്. ഏറെ സിനിമകൾ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിട്ടുമുണ്ട്.
മലയാളം സിനിമകൾക്ക് പുറമെ മറ്റ് ഭാഷാ ചിത്രങ്ങളുടെയും വെബ് സീരീസുകളുടെയും ഒരു നിര തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
'എബ്രഹാം ഓസ്‌ലർ'- ജയറാം നായകനായ ഈ ചിത്രം മാർച്ച് 20 മുതൽ ഹോട്‌സ്റ്റാറിൽ സ്‌ട്രീമിങ് ആരംഭിക്കും
'വിവേകാനന്ദൻ വൈറലാണ്', 'പ്രേമലു' (നെറ്റ്‌ഫ്ലിക്‌സ്) തുടങ്ങിയ ചിത്രങ്ങൾ ഉടൻ തന്നെ ഒടിടിയിൽ റിലീസിനെത്തും.
സ്‌ട്രീമിങ് ആരംഭിച്ച സിനിമകൾ:
- ഭ്രമയുഗം- മമ്മൂട്ടി, സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ എന്നിവർ മാറ്റുരച്ച ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും സംയുക്തമായാണ് ഈ മലയാളം ഹൊറര്‍-ത്രില്ലര്‍ നിർമിച്ചത്.
പ്ലാറ്റ്‌ഫോം : സോണിലിവ്
റിലീസ് തീയതി : മാർച്ച് 15
- തുണ്ട് - ബേബി എന്ന കോൺസ്റ്റബിളിന്‍റെയും കുടുംബത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ബിജു മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം റിയാസ് ഷെരീഫാണ് സംവിധാനം ചെയ്‌തത്.
പ്ലാറ്റ്‌ഫോം : നെറ്റ്ഫ്ലിക്‌സ്
റിലീസ് തീയതി : മാർച്ച് 15
- ആട്ടം- പ്രമേയത്തിലെ വൈവിധ്യത്താലും ആഖ്യാനത്തിലെ കരുത്താലും ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം നാടക പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിയാണ് സംവിധാനം ചെയ്‌തത്. വിനയ് ഫോര്‍ട്ടും സെറിൻ ഷിഹാബും പ്രധാന വേഷങ്ങളിലുള്ള ആട്ടത്തില്‍ കലാഭവൻ ഷാജോണ്‍, അജി തിരുവാങ്കുളം, ജോളി ആന്‍റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു എന്നിവരുമുണ്ട്.
പ്ലാറ്റ്‌ഫോം : ആമസോൺ പ്രൈം വീഡിയോ
റിലീസ് തീയതി : മാർച്ച് 12
- അന്വേഷിപ്പിൻ കണ്ടെത്തും - ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്‌ത ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. കേരളം ഏറെ ചർച്ച ചെയ്‌ത യഥാർഥ കൊലപാതക കേസുകളുടെ ചുവടു പിടിച്ച് ഒരുക്കിയ ഈ ചിത്രം ബോക്‌സോഫിസിൽ മികച്ച വിജയം കൊയ്‌തിരുന്നു.
പ്ലാറ്റ്‌ഫോം : നെറ്റ്ഫ്ലിക്‌സ്
റിലീസ് തീയതി : മാർച്ച് 08
- ലാൽ സലാം (Lal Salaam) - പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളെ ടീമിൽ നിന്ന് അന്യായമായി പുറത്താക്കുന്നതും ഇവർ ഈ വെല്ലുവിളിയെ നേരിട്ട് തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. രജനികാന്ത് കാമിയോ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ വിഷ്‌ണു വിശാൽ, വിക്രാന്ത്, അനന്തിക സനിൽകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്ലാറ്റ്‌ഫോം : നെറ്റ്ഫ്ലിക്‌സ്
റിലീസ് തീയതി: മാർച്ച് 15
- ഹനുമാൻ(HanuMan)-തൻ്റെ പട്ടണമായ അഞ്ജനാദ്രിയെ സംരക്ഷിക്കാൻ യജ്ഞിക്കുന്ന ഹനുമാനെപ്പോലെ ശക്തനായ ഹനുമന്തുവിനെക്കുറിച്ചാണ് ഈ സിനിമ. തേജ സജ്ജ, അമൃത അയ്യർ, വരലക്ഷ്‌മി ശരത്കുമാർ എന്നിവരാണ് ഈ സൂപ്പർഹീറോ സിനിമയിലെ അഭിനേതാക്കൾ.