ലോസ് ഏഞ്ചൽസ്: 96-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയിലും തിളങ്ങി ഇന്ത്യയുടെ ആര്‍ ആര്‍ ആര്‍. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന ചടങ്ങിൽ നടന്ന വീഡിയോ ദൃശ്യത്തിലാണ് എസ്എസ് രാജമൗലിയുടെ ആർആർആർ സിനിമയിലെ നാട്ടു-നാട്ടു ഗാനരംഗങ്ങളും ഉൾപ്പെടുത്തിയത്.
സിനിമ രംഗത്തെ സ്റ്റണ്ട് കോർഡിനേറ്റർമാർക്കായുള്ള ആദരവിന്‍റെ ഭാഗമായി തയ്യാറാക്കിയ സ്‌പെഷ്യല്‍ ട്രിബൂട്ട് ആയിരുന്നു അത്. ഓസ്‌കര്‍ നോമിനേറ്റഡ് നടൻ റയാൻ ഗോസ്ലിംഗും, സ്റ്റണ്ട് കോർഡിനേറ്റർ എമിലി ബ്ലണ്ടും ചേര്‍ന്ന് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സ്റ്റണ്ട് കോർഡിനേറ്റർമാരുടെ പ്രവർത്തനത്തിന് ആദരവ് അർപ്പിച്ചു. സമൂഹമാധ്യമങ്ങളിലടക്കം വലിയ തരംഗം സൃഷ്‌ടിച്ച നാട്ടു-നാട്ടു ഗാനരംഗങ്ങളിലെ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുടെ നൃത്തച്ചുവടുകളാണ് സ്‌പെഷ്യല്‍ ട്രിബൂട്ട് വീഡിയോയിലൂടെ പ്രദര്‍ശിപ്പിച്ചത്.
ഈ വർഷത്തെ ഓസ്‌കാറിൽ ആര്‍ ആര്‍ ആര്‍ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിന് ശേഷം വലിയ ആവേശത്തിലാണ് ആരാധകരും. സമൂഹമാധ്യമങ്ങളടക്കം വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലടക്കം സംഭവത്തെ പ്രകീര്‍ത്തിച്ചും, ടീം ആര്‍ ആര്‍ ആറിനെ പ്രശംസിച്ചും നിരവധി പോസ്റ്റുകളാണ് ഇതിനോടകം എത്തിയിരിക്കുന്നത്.
"വീണ്ടും ഞങ്ങൾക്ക് ഒരു മധുര സർപ്രൈസ്. @TheAcademy #RRRMovie ആക്ഷൻ സീക്വൻസുകൾ സിനിമയിലെ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റണ്ട് സീക്വൻസുകളോടുള്ള ആദരവിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയതിൽ സന്തോഷം" (Oscars 2024: Ram Charan and Jr NTR's RRR Roars Again at 96th Academy Awards).
"കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ദക്ഷിണേന്ത്യൻ സിനിമകളിലെ ആക്ഷൻ സീക്വൻസുകൾ തമാശയും മുടന്തനും ആയി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ലോക സിനിമയിലെ ആക്ഷൻ സീക്വൻസുകൾക്കൊപ്പം ആര്‍ ആര്‍ ആര്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജമൗലി നിങ്ങൾ ഒരുപാട് മുന്നോട്ട് പോയി". എന്നിങ്ങനെ ആർആർആർ സംവിധായകൻ രാജമൗലിയെ പ്രശംസിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഓസ്‌കര്‍ പുരസ്‌കാര വേദിയിലും ഇന്ത്യയുടെ ആര്‍ ആര്‍ ആര്‍ തിളങ്ങിയിരുന്നു. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി.
എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ലോസ് ഏഞ്ചൽസിൽ നടന്ന 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നാട്ടു നാട്ടു ഗാനം നേടിയിരുന്നു.
എം എം കീരവാണിയുടെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിന് ഓസ്‍കര്‍ ലഭിച്ചത് രാജ്യമാകെ ആഘോഷിച്ചിരുന്നു. 'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിന്‍റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണവുമായിരുന്നു ഈ ഗാനം. ചന്ദ്രബോസിന്‍റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‌ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.
അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത് (Oscars 2024: Ram Charan and Jr NTR's RRR Roars Again at 96th Academy Awards).
1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ജപ്പാനിലും റിലീസ് ചെയ്‍ത രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.