ലോസ് ഏഞ്ചൽസ്: ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലോകമെമ്പാടുമുള്ള കലാസ്വാദകർ ആകാംക്ഷയുടെ മുൾമുനയിൽ. ക്രിസ്‌റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ അടക്കം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ മികച്ച ചിത്രങ്ങളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. അതിനാൽ ഇക്കുറി കടുത്ത മത്സരമാണ് നിലനിൽക്കുന്നതെന്നാണ് നിരൂപകരുടെ വിലയിരുത്തൽ.
ആറ്റം ബോംബിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്‌ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറിന്‍റെ ജീവിതം പറയുന്ന ചിത്രമായ 'ഓപ്പൺഹൈമർ' 13 വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ബാഫ്റ്റ അടക്കമുള്ള നിരവധി വേദികളിൽ അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണെങ്കിലും ഓസ്‌കറിൽ കനത്ത മത്സരമാണ് ചിത്രം നേരിടുന്നതെന്നാണ് നിരൂപകര്‍ പറയുന്നത്.
മികച്ച തിരക്കഥ, എഡിറ്റിങ്, ഒറിജിനൽ സ്‌കോര്‍, മികച്ച ആനിമേറ്റഡ് ഫിലിം, കോസ്റ്റ്യൂം, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ വിഭാഗങ്ങളിലും കടുത്ത മത്സരമാണുള്ളത്. പുവര്‍ തിങ്സ്, ബാർബി തുടങ്ങിയ ചിത്രങ്ങൾ ഓപ്പൺഹൈമർ അടക്കമുള്ള എൻട്രികൾക്ക് കടുത്ത വെല്ലുവിളി സൃഷിക്കുന്നു. ഈ സാഹചര്യത്തിൽ വിവിധ വിഭാഗങ്ങളിൽ ഏറ്റവുമധികം നോമിനേഷനുകൾ ലഭിച്ച എൻട്രികളെയും അവയിൽ ഏറ്റവുമധികം വിജയസാധ്യതയുള്ള എൻട്രിയെയും നമുക്ക് പരിചയപ്പെടാം.
മികച്ച ചിത്രം
- ഓപ്പൺഹൈമർ
- അനാട്ടമി ഓഫ് എ ഫാൾ
- ബാർബി
- ദ ഹോൾഡോവർസ്
- കില്ലേഴ്‌സ് ഓഫ് ഫ്ലവർ മൂൺ
- മാസ്ട്രോ
- പാസ്‌റ്റ് ലൈവ്സ്
- പുവര്‍ തിങ്സ്
- ദ സോൺ ഓഫ് ഇന്‍ററസ്‌റ്റ്
വിജയ സാധ്യത: ഓപ്പൺഹൈമർ
ഓസ്‌കറിന് പുറമെ ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്, ഡയറക്‌ടേഴ്‌സ് ഗിൽഡ്, പ്രൊഡ്യൂസേഴ്‌സ് ഗിൽഡ്, ബ്രിട്ടീഷ് അക്കാദമി എന്നിങ്ങനെ എല്ലായിടത്തും ഒരേ സിനിമ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയിട്ട് ഒരു ദശാബ്‌ദത്തിലേറെയായി. 2013-ൽ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ ആർഗോ ആയിരുന്നു ഇത്തരത്തില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അവസാന ചിത്രം. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയും ഇത്തരത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌തു. ഇക്കുറി ഓപ്പൺഹൈമറും ഈ ക്ലാസിൽ ചേരുമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.
Also Read: ഓസ്‌കറിൽ വോട്ടുചെയ്യാൻ അർഹത നേടി രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ; അക്കാദമിയിൽ അംഗത്വം
മികച്ച സംവിധായകന്‍
- ജോനാഥൻ ഗ്ലേസർ- ദ സോൺ ഓഫ് ഇന്‍ററസ്‌റ്റ്
- യോർഗോസ് ലാന്തിമോസ്- പുവര്‍ തിങ്സ്
- മാർട്ടിൻ സ്കോർസെസി- കില്ലേഴ്‌സ് ഓഫ് ഫ്ലവർ മൂൺ
- ജസ്‌റ്റിൻ ട്രയറ്റ്- അനാട്ടമി ഓഫ് എ ഫാൾ