ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി തെലുഗു സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍. പ്രളയ പുനരധിവാസത്തിനായി ഒരു കോടി രൂപയുടെ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
ആന്ധ്രാപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ വീതം ജൂനിയര്‍ എന്‍ടിആര്‍ സംഭാവന നല്‍കും. നിലവിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, മഹാപ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് താരം സംഭാവന നല്‍കുന്നത്.
ദുരിതബാധിതരെ വീണ്ടെടുക്കാനുള്ള താരത്തിന്‍റെ പ്രതിബദ്ധതയാണ് അദ്ദേഹത്തിന്‍റെ ഈ ധനസഹായം. സാധാരണ നിലയിലേയ്‌ക്ക് തിരികെ വരാന്‍ തെലുഗു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കൊപ്പമാണ് എന്‍ടിആര്‍. ദുരിതബാധിതര്‍ക്ക് കൈത്താങ്ങായ വിവരം ജൂനിയര്‍ എന്‍ടിആര്‍ എക്‌സിലൂടെ അറിയിച്ചു.
'രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഞാൻ അഗാധമായി വികാരാധീനനാണ്. ആളുകള്‍ ഈ ദുരന്തത്തിൽ നിന്ന് ഉടൻ കരകയറാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ വീതം സംഭാവന നല്‍കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു.' -ജൂനിയര്‍ എന്‍ടിആര്‍ എക്‌സില്‍ കുറിച്ചു.
ജൂനിയര്‍ എന്‍ടിആറിനെ കൂടാതെ 'കൽക്കി 2898 എഡി' നിർമ്മാതാക്കളും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കി. ആന്ധ്ര-തെലങ്കാന ദുരിത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് വൈജയന്തി മൂവീസും രംഗത്തെത്തി. 25 ലക്ഷം രൂപയാണ് വൈജയന്തി മൂവീസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് നല്‍കുക. എക്‌സിൽ ഒരു പ്രസ്‌താവന പങ്കുവച്ചാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
Also Read: ആന്ധ്രയിലും തെലങ്കാനയിലും 'ദുരിതപ്പെയ്ത്ത്'; മരണം 25 ആയി, രക്ഷാപ്രവർത്തനത്തിന് 26 എൻഡിആർഎഫ് സംഘം - Telangana and Andhra rain