നിവിന്‍ പോളി - ഡിജോ ജോസ് ആന്‍റണി കൂട്ടുകെട്ടിന്‍റെ 'മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക്. മെയ് 1ന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമ കൂടിയായിരുന്നു. ഇപ്പോഴിതാ 'മലയാളി ഫ്രം ഇന്ത്യ'യുടെ ഒടിടി റിലീസ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ജൂലൈ 5 മുതൽ ചിത്രം സ്‌ട്രീമിങ് ആരംഭിക്കും. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു 'മലയാളി ഫ്രം ഇന്ത്യ'യുടെ നിർമാണം. 'ജനഗണമന'യ്‌ക്ക് ശേഷം സംവിധായകൻ ഡിജോ ജോസ് ആന്‍റണിയുടെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും പുനഃസമാഗമം ആയിരുന്നു ഈ സിനിമ. 'ജനഗണമന'യുടെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദാണ് നിവിൻ പോളി സിനിമയ്‌ക്കായും തിരക്കഥ ഒരുക്കിയത്.
ജസ്റ്റിൻ സ്റ്റീഫൻ സഹനിർമാതാവായ ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്. അനശ്വര രാജനായിരുന്നു ഈ സിനിമയിലെ നായിക. സുദീപ് ഇളമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. നവീൻ തോമസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയ് ആണ്.