തിരുവനന്തപുരം: തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി നടൻ നിവിൻ പോളി ഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബിന് പരാതി നൽകി. തന്‍റെ പരാതി കൂടി പരിഗണിക്കണമെന്ന് സൂചിപ്പിച്ചാണ് നടന്‍ ഡിജിപിക്ക് പരാതി കൈമാറിയത്. ഇ-മെയിൽ വഴിയാണ് നിവിൻ പരാതിപ്പെട്ടത്.
പ്രത്യേക അന്വേഷണ സംഘം തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ ലൈംഗിക അതിക്രമത്തിന് ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെ പരാതിപ്പെട്ട യുവതിയെ അറിയില്ലെന്നും ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും നിവിൻ പോളി മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമത്തിന്‍റെ വഴിയെ ഏതറ്റം വരെയും പോയി തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ ആർക്കെതിരെയും ഉന്നയിക്കാവുന്ന സ്ഥിതിവിശേഷം മാറ്റിയെടുക്കുമെന്നും നിവിൻ പോളി പ്രസ്‌താവിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിവിൻ പോളി പരാതിപ്പെട്ടത്.
ഇത്തരം വ്യാജ ആരോപണങ്ങള്‍ അനുവദിക്കാനാകില്ലെന്നും നാളെ ആര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉയരാമെന്നും നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു. ആരെങ്കിലും ഇതിനെതിരെ സംസാരിച്ച് തുടങ്ങിയില്ലെങ്കില്‍ ഇതിങ്ങനെ തുടര്‍ന്ന് പോകും. സത്യാവസ്ഥ തെളിയിക്കാന്‍ ശാസ്‌ത്രീയമായ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേ ഉള്ളൂ. നിങ്ങള്‍ വാര്‍ത്ത കൊടുത്തോളൂ. പക്ഷേ തന്‍റെ നിരപരാധിത്വം തെളിയുമ്പോള്‍ അതിനും ഇതേ പ്രാധാന്യം നല്‍കണമെന്നും നിവിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Also Read: 'ഡിജിറ്റല്‍ തെളിവുകൾ ഉൾപ്പടെ കയ്യിലുണ്ട്, നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകും'; നിവിന്‍ പോളിയ്‌ക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതി - Nivin Pauly Sexual Assault Case