എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരമാണ് 2024 ഓഗസ്‌റ്റ് 16ന് പ്രഖ്യാപിച്ചത്. 'പൊന്നിയിൻ സെൽവൻ', 'കാന്താര', 'ആട്ടം', 'സൗദി വെള്ളക്ക', 'ഗുൽമോഹർ', 'ഉഞ്ചൈ' തുടങ്ങി സിനിമകള്‍ ഈ വര്‍ഷത്തെ പുരസ്‌കാര തിളക്കമായി മാറിയിരുന്നു.
ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രങ്ങള്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിലവില്‍ ലഭ്യമാണ്. ഈ സിനിമകള്‍ ഇനിയും കണ്ടിട്ടില്ലെങ്കിൽ പ്രേക്ഷകർക്ക് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കാണാവുന്നതാണ്. ഏത് സിനിമ ഏതൊക്കെ പ്ലാറ്റ്‌ഫോമിലാണ് സ്‌ട്രീമിംഗ് നടത്തുന്നത് എന്നതിനെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു.
- സൗദി വെള്ളക്ക
മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട തരുൺ മൂർത്തിയുടെ 'സൗദി വെള്ളക്ക' സോണി ലൈവിലൂടെയാണ് സ്ട്രീമിംഗ് നടത്തുന്നത്. ലുക്‌മാൻ, ബിനു പപ്പു, ദേവി വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2022ൽ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. 'ഓപ്പറേഷൻ ജാവ' എന്ന സിനിമയ്‌ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് 'സൗദി വെള്ളക്ക'.
2. ആട്ടം
ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുത്തത് ഒരു മലയാള ചിത്രം എന്നതില്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്ക് അഭിമാനിക്കാം. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അന്തസത്തയോടെ കൈകാര്യം ചെയ്‌ത 'ആട്ടം', സംവിധാനം ചെയ്‌തത് ആനന്ദ് ഏകർഷിയാണ്. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്, സെറിൻ ശിഹാബ് തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ആമസോൺ പ്രൈമിലാണ് സ്‌ട്രീമിംഗ് നടത്തുന്നത്.
3. കാന്താര
ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഋഷഭ് ഷെട്ടി 'കാന്താര'യില്‍ അസാധാരണ പ്രകടനമാണ് കാഴ്‌ചവച്ചത്. ഋഷഭ് ഷെട്ടി തന്നെ എഴുതി, സംവിധാനം ചെയ്‌ത സിനിമയുടെ ക്ലൈമാക്‌സ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അത്‌ഭുതപ്പെടുത്തിയിരുന്നു. സിനിമയുടെ ഒറിജിനല്‍ പതിപ്പായ കന്നഡയ്‌ക്ക് പുറമെ തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളില്‍ 'കാന്താര' ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാണ്. നെറ്റ്‌ഫ്ലിക്‌സില്‍ സിനിമയുടെ ഹിന്ദി പതിപ്പും ലഭ്യമാണ്.
4. തിരുച്ചിത്രമ്പലം
ഇക്കുറി മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് രണ്ടു പേർക്കാണ്. 'തിരുച്ചിത്രമ്പലം' എന്ന സിനിമയിലെ പ്രകടനത്തിന് നിത്യ മേനോനും, 'കച്ച് എക്‌സ്‌പ്രസ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മാനസി പരേഖുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കൂടാതെ 'തിരുച്ചിത്രമ്പല'ത്തിലെ 'മേഘം കറുക്കത്ത' എന്ന ഗാനത്തിന് ജാനി മാസ്‌റ്ററും സതീഷ് കൃഷ്‌ണനും മികച്ച കൊറിയോഗ്രാഫിയ്‌ക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. മിത്രൻ ആർ ജവഹർ സംവിധാനം ചെയ്‌ത 'തിരുച്ചിത്രമ്പലം' ആമസോൺ പ്രൈമിലൂടെയും 'കച്ച് എക്‌സ്‌പ്രസ്' വിഐ മൂവീസിലൂടെയും പ്രേക്ഷകർക്ക് കാണാം.