ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്ന ഗിരീഷ് എ ഡി ചിത്രം 'പ്രേമലു'വിലെ പുതിയ ഗാനം പുറത്തിറങ്ങി. 'വെല്‍ക്കം ടു ഹൈദരാബാദ്' എന്ന വീഡിയോ ഗാനമാണ് നിർമാതാക്കൾ പുറത്തുവിട്ടത്. തിയേറ്ററുകളിൽ ഓളം തീർത്ത ഗാനം പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്.
സുഹൈല്‍ കോയയുടെ വരികൾക്ക് സംഗീതം പകർന്നത് വിഷ്‌ണു വിജയ് ആണ്. ശക്തിശ്രീ ഗോപാലന്‍, കപില്‍ കപിലന്‍ എന്നിവർക്കൊപ്പം വിഷ്‌ണു വിജയ്‌യും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരുടെ ദൈനംദിന ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ ഗാനം (Premalu movie new Video Song Welcome to Hyderabad).
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പ്രൊമോ ഗാനം ഉൾപ്പടെയുള്ള പാട്ടുകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുറത്തുവന്ന പുതിയ പാട്ടും ഏവരും നെഞ്ചേറ്റുകയാണ്. ഫെബ്രുവരി 9നാണ് 'പ്രേമലു' തിയേറ്ററുകളിൽ റിലീസിനെത്തിയത്. നസ്‌ലൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'പ്രേമലു' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഒരു മുഴുനീള റൊമാന്‍റിക് കോമഡി എന്‍റര്‍ടെയിനറായ 'പ്രേമലു' ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമിച്ചത്. റിലീസായി ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങളാണ് 'പ്രേമലു'വിന് ലഭിച്ചത്. തുടർന്ന് രണ്ടാം ദിവസം മുതല്‍ കൂടുതല്‍ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.
ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. കിരണ്‍ ജോസിയും സംവിധായകൻ ഗിരീഷ് എ ഡിയും ചേര്‍ന്നാണ് 'പ്രേമലു'വിനായി തിരക്കഥ ഒരുക്കിയത്. അജ്‌മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തത് ആകാശ് ജോസഫ് വർഗീസാണ്.
കലാ സംവിധാനം : വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ് : ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, ആക്ഷൻ : ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി : ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ : സേവ്യർ റിച്ചാർഡ്, വി എഫ് എക്‌സ് : എഗ് വൈറ്റ് വി എഫ് എക്‌സ്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ : ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് പ്രേമലുവിന്‍റെ മറ്റ് അണിയറ പ്രവത്തകർ.
ALSO READ:'എന്‍റര്‍ടെയിന്‍മെന്‍റ് എന്നുവച്ചാല്‍ ഇതാണ്' ; 'പ്രേമലു' സൂപ്പർ, നസ്‌ലനെ കാണണമെന്നും പ്രിയദര്‍ശന്‍