ലോകമെമ്പാടും ആരാധകരുള്ള ഒരു താരരാജാവിന്‍റെ ജീവിതത്തിലെ വർണക്കാഴ്‌ചകളും ഒപ്പം അറിയാക്കഥകളും കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പറഞ്ഞുവരുന്നത് പ്രേക്ഷകപ്രിയ താരം ടൊവിനോ തോമസ് 'ഡേവിഡ് പടിക്കൽ' എന്ന ചലച്ചിത്ര നടനായി വേഷമിടുന്ന നടികർ എന്ന സിനിമയെകുറിച്ചാണ്. ലാൽ ജൂനിയർ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം മെയ് 3ന് തിയേറ്ററുകൾ കീഴടക്കാനെത്തും.
ഐഎംഡിബിയുടെ (IMDb) ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് നടികർ ഇപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലുണ്ട്. പക്കാ എൻ്റർടെയ്ൻമെൻ്റ് സിനിമയാകും ഇതെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ.
സെൻസർ ബോർഡിൻ്റെ U/A സർട്ടിഫിക്കറ്റാണ് ഈ ടൊവിനോ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വേറിട്ട വേഷപ്പകർച്ചകളിലാണ് താരം നടികറിൽ എത്തുന്നത് എന്നതും ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നു. തെന്നിന്ത്യയുടെ പ്രിയതാരം ഭാവനയാണ് നടികറിൽ നായികയാകുന്നത്.
ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ സിനിമയിൽ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
നടികറുടെ വരവ് കാത്ത് പ്രേക്ഷകർ
'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ ഗോഡ്‌സ്‌പീഡാണ് നിര്‍മിക്കുന്നത്. അല്ലു അർജുന്‍റെ പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1 ഉള്‍പ്പടെ ഒട്ടേറെ വമ്പൻ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്‍റെ സാരഥികളായ നവീൻ യർനേനിയും വൈ രവി ശങ്കറും നടികറിന്‍റെ ഭാഗമാകുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്‌ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാല പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് ഈ സിനിമയിൽ മറ്റ് ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നത്.
ALSO READ:കിരീടം ഇനി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന് ; ടൊവിനോയുടെ 'നടികർ' പ്രൊമോ ഗാനമെത്തി