മലയാള സിനിമ ലോകം അധികം വൈകാതെ തന്നെ സയീദ് അബ്ബാസ് എന്ന പേര് സംസാരിച്ച് തുടങ്ങും. മലയാള സിനിമ സംഗീത ലോകത്ത് തന്‍റേതായ കൈമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് സയീദ്. മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ടീസറിന് സംഗീതം ഒരുക്കിയാണ് സയീദ് അബ്ബാസ് ശ്രദ്ധേയനാവുന്നത്.
മലയാളത്തിലെ എണ്ണം പറഞ്ഞ സംഗീത സംവിധായകരിൽ ഒരാളായ മിഥുൻ മുകുന്ദൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ടീസറിന് എന്തിന് മറ്റൊരാൾ സംഗീത സംവിധാനം നിർവഹിക്കണം? അതിന്‍റെ കാരണം എന്തോ ആകട്ടെ. കിട്ടിയ അവസരം സയീദ് വെറുതെ വിട്ടില്ല. ഹോളിവുഡ് സിനിമകളിലെ സംഗീതത്തെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ ഇംഗ്ലീഷ് വരികളൊക്കെ ബാക്കപ്പ് ചെയ്‌താണ് സയീദ്, 'ബസൂക്ക'യുടെ ടീസറിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജീവിതത്തിൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിത്വമാണ് സയീദിന്‍റേത്. പ്രൊഫഷണൽ വിശേഷങ്ങൾ സംസാരിക്കുമ്പോഴും ചുരുങ്ങിയ വാക്കുകളിലാണ് പലപ്പോഴും മറുപടി. വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ നിന്നും വലിയ സംഗീത പാരമ്പര്യത്തിന്‍റെ അകമ്പടി ഒന്നുമില്ലാതെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ചതാണ് ഈ ചെറുപ്പക്കാരൻ. സംഗീത സംവിധായകൻ സുഷിൻ ശ്യാമുമായുള്ള സൗഹൃദം അവിടെന്നിങ്ങോട്ടുള്ള യാത്രയിൽ ഒരുപാട് സഹായിച്ചു.
'കഴിഞ്ഞ കുറച്ചു വർഷമായി സുഷിന്‍റെ പ്രോഗ്രാമറായി ജോലി ചെയ്‌ത് പോരുന്നു. സുഷിൻ സംഗീത സംവിധാനം നൽകിയ ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം സഹകരിച്ചു. തുടർന്നാണ് സി ഫൈവിൽ സ്ട്രീം ചെയ്‌തു കൊണ്ടിരിക്കുന്ന 'മനോരഥങ്ങൾ' എന്ന ചിത്രത്തിലെ ഒരു സെഗ്മെന്‍റിന് സംഗീതം നിർവഹിക്കുവാൻ അവസരം ലഭിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ 'ഷേർലക്ക്' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സംഗീത സംവിധായകന്‍റെ കുപ്പായം അണിയുന്നത്.