കേരളം

kerala

By ETV Bharat Kerala Team

Published : Jan 31, 2024, 1:35 PM IST

ETV Bharat / entertainment

സംഗീത സംവിധാനം നിർത്താന്‍ മക്കൾ വരെ പറഞ്ഞു, പക്ഷേ ഹൃദയം നിലയ്‌ക്കുംവരെ തുടരും : ഔസേപ്പച്ചൻ

മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ തന്‍റെ സംഗീതയാത്രയെ കുറിച്ച് ഇടിവി ഭാരതിനോട്

Music Director Ouseppachan  സംഗീത സംവിധായകൻ ഔസേപ്പച്ചൻ  ഔസേപ്പച്ചൻ ഗാനങ്ങൾ അഭിമുഖം  Ouseppachan interview
Ouseppachan

ഔസേപ്പച്ചൻ ഇടിവി ഭാരതിനൊപ്പം

സംഗീതസപര്യയിൽ അര നൂറ്റാണ്ട് പിന്നിടുകയാണ് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 'ആരവം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് സിനിമയുടെ ലോകത്തേക്ക് ഔസേപ്പച്ചൻ കടന്നുവരുന്നത്. പിന്നെയും നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കി, ഒരു മുഴുനീള സംഗീത സംവിധായകൻ ആകാനുള്ള കാത്തിരിപ്പ് അദ്ദേഹം തുടർന്നു.

1985ൽ അങ്ങനെ അത് സംഭവിച്ചു, മലയാള സിനിമയിൽ അനിഷേധ്യനായ ഒരു സംഗീത സംവിധായകന്‍റെ പിറവി. 'കാതോട് കാതോരം' എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നുകൊണ്ട് ഔസേപ്പച്ചൻ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറി. ആസ്വാദകരുടെ മനസിൽ ആർദ്ര സംഗീതത്തിന്‍റെ മഴ പെയ്യിച്ച, മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഇടിവി ഭാരതുമായി മനസുതുറക്കുന്നു (Music Director Ouseppachan).

'കാതോട് കാതോരം' സിനിമയിലെ 'ദേവദൂതർ പാടി, കാതോട് കാതോരം, നീ എൻ സർഗ സൗന്ദര്യമേ' തുടങ്ങിയ മികവുറ്റ ഗാനങ്ങൾ... മലയാളത്തിലെ എക്കാലത്തെയും മികച്ച, ആ വർഷത്തെ ഇൻഡസ്ട്രിയൽ ഹിറ്റ് ഗാനങ്ങളായി അവ മാറി. പിന്നീട് അങ്ങോട്ട് എത്ര സിനിമകൾക്ക് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് പോലും നിശ്ചയമില്ല.

മലയാളം, ഹിന്ദി, കന്നഡ, ഇപ്പോഴിതാ തമിഴ് സിനിമയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. 50 വർഷത്തെ സംഗീത ജീവിതം. അതിൽ അതിശയോക്തിയില്ലേ എന്ന ചോദ്യത്തിന് 'അത്ഭുതം' എന്നായിരുന്നു ഔസേപ്പച്ചന്‍റെ മറുപടി. 'ഇപ്പോൾ മക്കൾ അടക്കം പറയും അച്ഛാ ഇനി മതി എന്ന്. പക്ഷേ എനിക്കങ്ങനെ സംഗീതത്തെ ഉപേക്ഷിക്കാൻ ആവില്ല. മരണം വരെ ഒരു സംഗീത സംവിധായകനായി തുടരാനും അറിയപ്പെടാനും ആണ് എന്‍റെ ആഗ്രഹം', ഉറച്ച സ്വരത്തിൽ ഔസേപ്പച്ചൻ പറയുന്നു.

'റൂട്ട് നമ്പർ 17' എന്ന സിനിമയിലൂടെയാണ് ഔസേപ്പച്ചൻ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. മുമ്പും തമിഴിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു എങ്കിലും മലയാളത്തിൽ തന്നെ നിൽക്കാമെന്നായിരുന്നു ഔസേപ്പച്ചന്‍റെ തീരുമാനം. 'എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ് മദ്രാസ്. ഇളയരാജയ്‌ക്കും എ ആർ റഹ്മാനുമൊപ്പം ധാരാളം പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ് സിനിമയിൽ എന്‍റെ സുഹൃത്തുക്കൾ നല്ല രീതിയിൽ സംഗീത സംവിധാനം നിർവഹിച്ച് മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. അവിടേക്ക് ഇനി പുതിയൊരാളായി ഞാൻ എന്തിന് എന്ന ചിന്തയായിരുന്നു ആദ്യം. പിന്നീട് സമയവും സാഹചര്യവും ഒത്തുവന്നപ്പോൾ ആദ്യ ചിത്രം സംഭവിച്ചു' - അഭിലാഷ് ജി ദേവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറർ ചിത്രം 'റൂട്ട് നമ്പർ 17'നെ കുറിച്ച് ഔസേപ്പച്ചൻ പറഞ്ഞു.

സംസാരത്തിനിടയിൽ മോഹൻലാൽ നായകനായ 'ഉടയോൻ' എന്ന സിനിമയിലെ ഗാനങ്ങളെക്കുറിച്ചും പരാമർശം ഉണ്ടായി. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 'ഉടയോനി'ലെ ഗാനങ്ങൾ കയ്യടി നേടിയിരുന്നു. മോഹൻലാൽ അങ്ങനെ ആരെയും അഭിനന്ദിക്കുന്ന സ്വഭാവമുള്ള പ്രകൃതക്കാരൻ അല്ല. പക്ഷേ ഒരിക്കൽ നേരിൽ കണ്ടപ്പോൾ 'ഉടയോനി'ലെ ഗാനങ്ങൾ വളരെ നന്നായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞതായി ഔസേപ്പച്ചൻ ഓർത്തു.

പ്രത്യേക ടൈപ്പിലുള്ള ഗാനങ്ങൾ മാത്രം ചെയ്യുന്ന സംഗീത സംവിധായകനായി അറിയപ്പെടാൻ ഒട്ടും താത്പര്യമില്ല ഔസേപ്പച്ചന്. ഓരോ ഗാനങ്ങൾക്കും പുതുമകൾ തേടിക്കൊണ്ടിരിക്കും. ചുറ്റിലും മുഴങ്ങുന്ന പതിവ് ശബ്‌ദങ്ങളിലും അദ്ദേഹം സംഗീതം തേടുന്നു. ഓട്ടോറിക്ഷയുടെ ശബ്‌ദമാവട്ടെ, പച്ചക്കറി വിൽപ്പനക്കാരന്‍റെ നീട്ടിയുള്ള വിളിയാകട്ടെ ഇവയെല്ലാം പുതിയ റിഥം ഒരുക്കുന്നതിന് തന്നെ സഹായിക്കാറുണ്ടെന്ന് ഔസേപ്പച്ചൻ പറഞ്ഞുനിർത്തി.

ABOUT THE AUTHOR

...view details