ന്യൂഡൽഹി: ഏഷ്യ പവർ ഇന്‍ഡക്‌സിൽ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ ശക്തിയായി മാറിയതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം അറിയിച്ചു. കൊവിഡ് ദുരന്തത്തിന് ശേഷം രാജ്യം കൈവരിച്ച സാമ്പത്തിക വളർച്ചയാണ് ഇന്ത്യയെ ഈ നേട്ടത്തിന് അർഹമാക്കിയത്. പ്രാദേശിക പവർ റാങ്കിങ്ങിലും ഇന്ത്യയുടെ സ്ഥിരമായ വളർച്ച ഏഷ്യ പവർ ഇന്‍ഡക്‌സിലെ മികച്ച നേട്ടത്തിന് സഹായിച്ചു.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും വർധിച്ച് വരുന്ന യുവജനസംഖ്യയും ഈ വളർച്ചക്ക് കാരണമായിട്ടുണ്ട്, രാജ്യത്തിൻ്റെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ നിലവാരത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം പ്രതികരിച്ചു.
"കൊവിഡിന് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക ശേഷി വീണ്ടെടുക്കൽ ശ്രദ്ധേയമാണ്. 4.2 പോയിൻ്റ് സാമ്പത്തിക വളർച്ച ഇതിന് ശേഷം രേഖപ്പെടുത്തി. വളർച്ചക്ക് കാരണമായ ഇന്ത്യയുടെ വൻ ജനസംഖ്യയും ശക്തമായ ജിഡിപി വളർച്ചയും പിപിപി വ്യവസ്ഥയിൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുന്നു' എന്നും മന്ത്രാലയം അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബഹുമുഖ നയതന്ത്രത്തിലും പ്രാദേശിക സുരക്ഷയിലും ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്ക് സൂചിക ഉയർത്തിക്കാട്ടുന്നു. ക്വാഡിലെ ഇന്ത്യയുടെ നേതൃത്വവും പങ്കാളിത്തവും ഔപചാരിക സൈനിക സഖ്യങ്ങളില്ലാതെ സുരക്ഷ കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ഇന്ത്യയെ പ്രാപ്‌തമാക്കി. ഫിലിപ്പീൻസുമായുള്ള ബ്രഹ്മോസ് മിസൈൽ ഇടപാട് പോലുള്ള പ്രതിരോധ വിൽപ്പന ഇന്ത്യയുടെ വളർന്നു വരുന്ന ഭൗമ രാഷ്ട്രീയ സ്വാധീനത്തെയാണ് കാണിക്കുന്നതെന്നും മന്ത്രാലയം നിരീക്ഷിച്ചു.
2018-ൽ ലോവി ഇൻസ്‌റ്റിറ്റ്യൂട്ട് ആരംഭിച്ച ഏഷ്യ പവർ ഇന്‍ഡക്‌സ്, ഏഷ്യ-പസഫിക് മേഖലയിലെ ശക്തികേന്ദ്രങ്ങളുടെ വാർഷിക അളവുകോലാണ്. ഏഷ്യ-പസഫിക്കിൽ ഉടനീളമുള്ള 27 രാജ്യങ്ങളെ ഈ സൂചിക വിലയിരുത്തുന്നു. എട്ട് പ്രധാന അളവുകൾ അടിസ്ഥാനമാക്കിയാണ് ഈ സൂചിക രാജ്യങ്ങളെ വിലയിരുത്തുന്നുന്നത്.
സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധശേഷി, ഭാവി വിഭവങ്ങൾ, സാമ്പത്തിക ബന്ധങ്ങൾ, പ്രതിരോധ ശൃംഖലകൾ, നയതന്ത്ര സ്വാധീനം, സാംസ്‌കാരിക സ്വാധീനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വിഭാഗങ്ങളിലുടനീളമുള്ള ഇന്ത്യയുടെ ശക്തമായ പ്രകടനം ഈ മേഖലയിലെ ഒരു പ്രധാന ശക്തിയെന്ന നിലയിലുള്ള രാഷ്ട്രത്തിന്‍റെ വളർച്ചയാണ് കാണിക്കുന്നത്.
Also Read:മാറുന്ന നേതൃത്വം, രാഷ്‌ട്രീയം; അസ്വസ്ഥരായ അയല്‍ക്കാര്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും?