സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ ഇടിവി ഭാരതിനോട് (Source: ETV Bharat Reporter) മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്‌ത 'ഓസ്‌ലർ' എന്ന സിനിമയിൽ മമ്മൂട്ടി ചിത്രം 'നിറക്കൂട്ടി'ലെ 'പൂമാനമേ' എന്ന ഗാനം റീമാസ്‌റ്റർ ചെയ്‌ത് ഉപയോഗിച്ചിരുന്നു. 1985ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനം അതിന്‍റെ തനിമ ഒട്ടും ചോരാതെ തന്നെ സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ 2024ലേക്ക് പറിച്ചുനട്ടു. ഓസ്‌ലറിലെ സംഗീത വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് മിഥുൻ മുകുന്ദൻ.
മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചെറുപ്പകാലം കൂടുതൽ യഥാർഥമാക്കാൻ മമ്മൂട്ടിയുടെ ഒരു പഴയകാല ഗാനം തന്നെ ചിത്രത്തിൽ ഉപയോഗിക്കണമെന്ന് സംവിധായകൻ നിർദേശിച്ചിരുന്നു. ആദ്യം മമ്മൂട്ടിയുടെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റ് ഗാനം റീമിക്‌സ് ചെയ്യാനായിരുന്നു ഉദേശിച്ചിരുന്നത്. പക്ഷേ കോപ്പിറൈറ്റ് സംബന്ധമായ കാരണങ്ങളാൽ അത് നടന്നില്ല. അങ്ങനെയാണ് പൂമാനമേ എന്ന ഗാനത്തിലേക്ക് എത്തുന്നത്.
നേരത്തെ അനുമതി ലഭിക്കാതിരുന്നത് ഒരുപക്ഷേ നല്ലതിനാകാം. പൂമാനമെ പോലെ സിനിമയിൽ ആ രംഗത്തിന് ചേരുന്ന മറ്റൊരു ഗാനം ഇല്ല എന്നുവേണം പറയാൻ. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ആ ഗാനത്തിന്‍റെ പുതുമയ്‌ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
ഗാനം ഉപയോഗിക്കാൻ അനുമതി ലഭിച്ചതോടെ റീമാസ്‌റ്റർ ചെയ്യേണ്ടത് എങ്ങനെയെന്നായി ചോദ്യം. ഒരു ഗാനമേളയിൽ ഈ പാട്ട് പാടുന്നതാണ് സിനിമയിലെ രംഗം. അതുകൊണ്ടുതന്നെ പുനസൃഷ്‌ടിക്കേണ്ടതും അങ്ങനെ തന്നെയാവണമെന്ന് സംവിധായകൻ പറഞ്ഞു. എൻജിനീയർ ഹൃദയ് ഗോസാമിയും ചേർന്നാണ് പാട്ടൊരുക്കിയത്.
പഴയ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു വാദ്യോപകരണം പോലും മാറ്റാൻ ഉദ്ദേശിച്ചിരുന്നില്ല. സൗണ്ട് ക്വാളിറ്റിയിൽ വ്യത്യാസമുണ്ടായി എന്നല്ലാതെ വിഖ്യാത സംഗീത സംവിധായകൻ ശ്യാം എങ്ങനെ ഒരുക്കിയോ അതുപോലെയാണ് പൂമാനമേ പുനസൃഷ്‌ടിച്ചത്. പൂർണമായും ഗാനത്തോട് നീതിപുലർത്തിയെന്നാണ് വിശ്വാസം. അദ്ദേഹത്തിന് ഗാനം ഇഷ്‌ടപ്പെട്ടതായി മറുപടിയും ലഭിച്ചു.
ഓസ്‌ലറിന്‍റെ പ്രസ് മീറ്റിന് കണ്ടപ്പോൾ മമ്മൂട്ടിയും സിനിമയിലെ സംഗീതം നന്നായെന്ന് പറഞ്ഞു. സിനിമയിൽ കാമിയോ റോളിലാണ് മമ്മൂട്ടി എത്തുന്നത്. മിഥുൻ മാനുവൽ തോമസ് ആദ്യമേ തന്നെ ഒരു സൂചന നൽകിയിരുന്നു. ഒരു ഗംഭീര നടൻ നമ്മുടെ സിനിമയുടെ ഭാഗമാകുമെന്ന്. ആ സസ്‌പെൻസ് പൊളിച്ചു മമ്മൂട്ടിയാണ് ആ താരം എന്നറിഞ്ഞതോടെ കൂടുതൽ എക്‌സൈറ്റഡ് ആയി.
സംഗീതം ഒരുക്കുമ്പോൾ ഏറ്റവും കൂടുതൽ കാത്തിരുന്നത് മമ്മൂട്ടിയുടെ എൻട്രി സീനിന് വേണ്ടിയായിരുന്നു. ആ രംഗത്തിനായി 'മെയ്‌ക്ക് എ വേ ഫോർ ദി ഡെവിൾ' എന്നൊരു ട്രാക്ക് ഞാൻ കൂട്ടിച്ചേർത്തു. സംഗീതത്തിന്‍റെ മാത്രം അകമ്പടിയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നുള്ള തീരുമാനം പെട്ടെന്നായിരുന്നു മാറിയത്. അവസാന ഘട്ടത്തിലാണ് ലിറിക്‌സിന്‍റെ അകമ്പടിയോടെ 'മെയ്‌ക്ക് എ വേ ഫോർ ദി ഡെവിൾ' കൂട്ടിച്ചേർത്തത്. അതൊരു പരീക്ഷണം ആയിരുന്നു.
സിനിമയ്ക്ക് വേണ്ടി വെറുതെ പരീക്ഷണങ്ങൾ ചെയ്യാറില്ല. സിനിമ ആവശ്യപ്പെടുകയാണെങ്കിൽ മാത്രമായിരിക്കും പുതിയ വഴികൾ തെരഞ്ഞെടുക്കുക. അതിനൊരു ഉദാഹരണമാണ് കന്നഡ ചിത്രം 'ഗരുഡഗമന ഋഷഭ വാഹന'. ഈ ചിത്രത്തിൽ രാജ് ബി ഷെട്ടിയുടെ കഥാപാത്രമായ ശിവയുടെ കുട്ടിക്കാലം കാണിക്കുന്ന ഒരു സീനുണ്ട്.
കഥാപാത്രം കിണറ്റിനുള്ളിലാണ്. അതിൽ നിന്നും കഥാപാത്രം പുറത്തേക്ക് വരുന്ന രംഗത്തിൽ 'ചന്ദ്രചൂഡ' എന്ന് തുടങ്ങുന്ന ട്രാക്കിനെ സറൗണ്ട് ചെയ്‌ത് പശ്ചാത്തല സംഗീതം ഒരുക്കി. ശിവൻ നരകത്തിൽ നിന്നും പുറത്തേക്ക് വരുന്ന ഒരു അനുഭൂതി സൃഷ്‌ടിച്ചെടുക്കാൻ സാധിച്ചു. പക്ഷേ തിയേറ്ററിൽ കണ്ട ആർക്കും അത്തരം പരീക്ഷണങ്ങൾ മനസിലാക്കാൻ സാധിച്ചില്ല.
എന്നാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്‌ത ശേഷമാണ് ആ പരീക്ഷണത്തെക്കുറിച്ച് സോഷ്യൽ മീഡിയ സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് താൻ ഒരു ഫിലിം മ്യൂസിക് ഡയറക്‌ടറാകാൻ തീരുമാനിച്ചതെന്നും മിഥുൻ മുകുന്ദൻ പറഞ്ഞു.
Also Read:'ഒടിടി കൂടുതൽ അവസരങ്ങൾ തുറന്നു, ശബ്‌ദം കൃത്യമായി ഉപയോഗിക്കാൻ പഠിച്ചത് അച്‌ഛനിൽനിന്ന്': മനസുതുറന്ന് ഷോബി തിലകൻ