ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്‌റ്റഡയില്‍ എടുത്തിട്ടില്ലെന്ന് വ്യക്‌തമാക്കി മുംബൈ പൊലീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഒരാളെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
കസ്‌റ്റഡിയില്‍ എടുത്ത ആള്‍ പ്രതി അല്ലെന്നും അയാള്‍ക്ക് അക്രമിയുമായി രൂപ സാദൃശ്യം മാത്രമെന്നും പൊലീസ്. ഇയാള്‍ക്ക് സെയ്‌ഫ് അലി ഖാനെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്‌തമാക്കി.
അതേസമയം, സംഭവത്തില്‍ ഒരു സംഘത്തിനും പങ്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര (നഗര) സഹമന്ത്രി യോഗേഷ് കദം പ്രതികരിച്ചു. "ഇതൊരു മോഷണ ശ്രമം മാത്രമായിരുന്നു, ഈ സംഭവത്തിൽ ഒരു സംഘത്തിനും പങ്കില്ല. പൊലീസ് കേസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്," മന്ത്രി യോഗേഷ് കദം പറഞ്ഞു.
"സെയ്‌ഫ് അലി ഖാൻ ഇതുവരെ ഒരുതരത്തിലുള്ള സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ല. ഈ ആക്രമണം ഒരു സംഘത്തിന്‍റെയും ഭാഗമല്ല. മോഷണം എന്ന ലക്ഷ്യത്തോടെ മാത്രമാണ് പ്രതി വീട്ടിൽ കയറിയത്. സെയ്‌ഫ് അലി ഖാനും പ്രതിയും തമ്മിൽ ഒരു തർക്കമുണ്ടായി, അതിൽ നടന് പരിക്കേറ്റു," യോഗേഷ് കദം പ്രതികരിച്ചു.
മുംബൈയിലെ പ്രമുഖരുടെ താമസ സ്ഥലമായ ബാന്ദ്ര വെസ്‌റ്റിലെ സെയ്‌ഫ് അലി ഖാന്‍റെ വസതിയില്‍ വച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് നടനെതിരെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്‍റെ ബഹുനില മന്ദിരത്തില്‍ കവര്‍ച്ചയ്ക്കെത്തിയ സംഘം നടനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നൽകുന്ന റിപ്പോർട്ട്.