മലയാള സാഹിത്യത്തിലും സിനിമാ ലോകത്തും ഒരുപാട് തിരകളുണ്ടാക്കിയ എഴുത്തിന്‍റെ ഒരു കടല്‍ തന്നെയാണ് എം.ടി വാസുദേവന്‍ നായര്‍. ചെറുകഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയുമൊക്കെ വള്ളുവനാടന്‍ മിത്തുകളും ശൈലികളും മലയാളികള്‍ക്ക് പകര്‍ന്നു തന്ന കഥാകാരന്‍. അത്രയും ദൃഢവും ശക്തവുമായിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍.
തന്‍റെ കുടുംബത്തില്‍ നിന്ന് തന്നെ സൃഷ്‌ടിക്കപ്പെട്ടതാണ് കുട്ട്യേടത്തിയും ഭ്രാന്തന്‍ വേലായുധനും ലീലയുമൊക്കെ. അവയില്‍ പല കഥാപാത്രങ്ങളും നമ്മുടെയൊക്കെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയവയാണ്. എം ടി കഥകളില്‍ പലതിലും നഷ്‌ട പ്രണയും ദാരിദ്ര്യവും വ്യക്തി ബന്ധങ്ങളുണ്ടായ വിളളലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നുവയാണ്. ഏഴ് പതിറ്റാണ്ടിലേറെയായി തുടര്‍ന്നിരുന്ന എഴുത്തു ജീവിതമായിരുന്നു എം. ടി വാസുദേവന്‍ നായരുടേത്. അതില്‍ ചെറുകഥകളും നോവലുകളും ലേഖനങ്ങളും സിനിമകള്‍ വരെ ഉണ്ട്.
1960 കളിലാണ് എംടി വാസുദേവന്‍ നായര്‍ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പുരാണങ്ങളും ഐതിഹ്യങ്ങളും തൊട്ട് സമകാലികവും സാര്‍വലൗകികവുമായ പ്രമേയങ്ങളും ഇതിവൃത്തങ്ങളെയും ആസ്‌പദമാക്കി എഴുപതിലേറെ തിരക്കഥകള്‍ അദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നിട്ടുണ്ട്.
മാത്രമല്ല മലയാള സിനിമയിലെ പല തലമുറകളുമായുള്ള കൂട്ടുക്കെട്ടുകള്‍. എ വിന്‍സെന്‍റ് പി ഭാസ്‌കരന്‍, കെ എസ് സേതുമാധവന്‍, പി എന്‍ മനോന്‍, എന്‍ എന്‍ പിഷാരടി എന്നിവരോടൊപ്പം എം. ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ വി ശശി, ഹരിഹരന്‍, ഭരതന്‍ എന്നീ സംവിധായകരോടൊപ്പവും. പിന്നീട് പ്രതാപ് പോത്തന്‍, ഹരികുമാര്‍, വേണു, കണ്ണന്‍ എന്നിങ്ങനെ ഒട്ടേറെ സംവിധായകരോടൊപ്പം ആ വിഖ്യാത എഴുത്തുക്കാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം.ടി വാസുദേവന്‍ നായര്‍ കൂട്ടുകൂടി.
എം.ടിയുടെ സര്‍ഗ ജീവിതത്തെ വിശകലം ചെയ്യുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. കാരണം ഇത്രയും നീണ്ട കാലം സാഹിത്യത്തിലും സിനിമയിലും ജനങ്ങളുടെ ഹൃദയത്തില്‍ മാത്രം ജീവിച്ച മറ്റൊരു സാഹിത്യക്കാരന്‍ വേറെ ഇല്ലെന്ന് തന്നെ പറയാം.
പലപ്പോഴും തന്‍റെ രചനകളെ ഇത്രയും രൂക്ഷമായി വിമര്‍ശിച്ച മറ്റൊരു എഴുത്തുകാന്‍ വേറെ ഉണ്ടാവില്ല. ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. എഴുതിയതില്‍ പത്തെണ്ണമെങ്കിലും ഒരിക്കലും എഴുതരുതായിരുന്നുവെന്ന് തോന്നിയിട്ടുള്ളവയാണ് എന്ന് എം.ടി തന്നെ പറയുകയുണ്ടായി.