സിനിമയോളം മനുഷ്യനിൽ അഭിനിവേശവും കൗതുകവും ഉളവാക്കിയ മറ്റൊരു കലാസൃഷ്‌ടിയുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ സിനിമയുടെ പിന്നാമ്പുറ കാഴ്‌ചകളും താരങ്ങളുടെ വിശേഷങ്ങളും ഒക്കെ അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും ഒരു ജിജ്ഞാസ ഉണ്ടാകാറുണ്ട്. സിനിമയ്‌ക്ക് സിനിമ തന്നെ ആശയമായി വരുമ്പോൾ അവയ്‌ക്ക് ജനപ്രീതി ലഭിക്കുന്നതും സ്വാഭാവികമാണ്
കെ ജി ജോർജ് ചിത്രം 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കി'ൽ തുടങ്ങി ഇങ്ങ് 2024ൽ വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കു ശേഷം' വരെ സിനിമയ്‌ക്കുള്ളിൽ സിനിമയുടെ കഥ പറഞ്ഞ ചിത്രങ്ങളാണ്. 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കി'ന് മുൻപും സിനിമ എന്ന ആശയം ആസ്‌പദമാക്കി നിരവധി ചിത്രങ്ങൾ മലയാളത്തിൽ റിലീസ് ചെയ്‌തിട്ടുണ്ട്. അതിപ്രശസ്‌തമായ സിനിമകളിൽ പ്രതിപാദിച്ച് പോയിരിക്കുന്ന ചില സിനിമ പേരുകളെയും സിനിമ സംവിധായകരുടെ പേരുകളും ഒന്ന് പരിശോധിച്ചാലോ!
ലിസ്റ്റിൽ ആദ്യം തിയേറ്ററുകളിൽ നിറഞ്ഞോടുന്ന വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കു ശേഷ'ത്തിലെ സാങ്കൽപ്പിക സിനിമയുടെ പേരാണ്. ധ്യാൻ ശ്രീനിവാസന്‍റെ കഥാപാത്രമായ വേണു കൂത്തുപറമ്പ് സംവിധാനം ചെയ്‌ത 'ജീവിത ഗാഥകളെ'. നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രമായ സൂപ്പർസ്റ്റാർ നിധിൻ മോളിയുടെ തിരിച്ചു വരവായിരുന്നു ചിത്രം. സിനിമകൾ തകർന്നു തരിപ്പണമായ നിതിൻ മോളിക്ക് ലഭിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'ജീവിത ഗാഥകളെ'.
സിനിമയ്‌ക്കുള്ളിൽ മറ്റൊരു സൂപ്പർസ്റ്റാർ കഥാപാത്രത്തിന് കരിയർ തിരിച്ചുനൽകിയ ചിത്രമായിരുന്നു 'അന്ന് പെയ്‌ത മഴയിൽ'. ഉദയഭാനു സംവിധാനം ചെയ്‌ത ചിത്രം സൂപ്പർസ്റ്റാർ സരോജ് കുമാർ എന്ന രാജപ്പൻ തെങ്ങിൻ മൂടിന് കരിയർ ബ്രേക്ക് നൽകി. 'ഉദയനാണ് താരം' എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അന്ന് പെയ്‌ത മഴയിൽ'.
'ഉദയനാണ് താരം' എന്ന ചിത്രത്തിലെ മറ്റൊരു സൂപ്പർ സ്റ്റാർ കഥാപാത്രം വട്ടവിള ജയകുമാറിന്‍റെ 'ദോശ രാഘവനെ' കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സരോജ് കുമാറിന്‍റെ കഴിഞ്ഞ ചിത്രങ്ങളായ 'ബോട്ട് ജെട്ടി', 'മുന്താണി കടവത്ത്' തിയേറ്ററുകളിൽ പരാജയമായി എന്നും പച്ചാളം ഭാസി പറയുന്നുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന പേരിൽ ഇറങ്ങിയ 'പത്മശ്രീ സരോജ് കുമാർ' എന്ന സിനിമയിലെ സിനിമ പേരുകളാണ് വിചിത്രം. സരോജ് കുമാർ അഭിനയിച്ച് പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തിന്‍റെ പേരാണ് 'വെക്കടാ വെടി'.
'ഇരുകാലി മൃഗം' എന്ന ചിത്രം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും. ഈ സിനിമയിൽ വട്ടവള ജയകുമാർ എന്ന കഥാപാത്രം അഭിനയിക്കുന്ന ചിത്രമാണ് 'ചുറ്റിക്കളി തട്ടിക്കളി'. സിനിമയിലെ മറ്റൊരു സൂപ്പർതാരമായ താനൂർ അബ്‌ദുള്ളയുടെ ചിത്രമാണ് 'വെള്ളിടി'. 'അഴകിയ രാവണൻ' എന്ന ചിത്രത്തിൽ ശ്രീനിവാസന്‍റെ കഥാപാത്രമായ അംബുജാക്ഷൻ തന്‍റെ നോവലായ 'ചിറകൊടിഞ്ഞ കിനാവുകൾ' സിനിമയാക്കാൻ ശങ്കർ ദാസിനോട് സംസാരിക്കുന്നുണ്ട്.
ശങ്കർദാസ് എന്ന പ്രൊഡ്യൂസറായി ആയി വേഷമിടുന്നത് സാക്ഷാൽ മമ്മൂട്ടി. ബിജു മേനോന്‍റെ കഥാപാത്രം ശരത്താണ് സിനിമയുടെ സംവിധായകൻ. എന്നാൽ 'ചിറകൊടിഞ്ഞ കിനാവുകളു'ടെ ആശയം ശരത്, ശങ്കർദാസ് പ്രൊഡക്ഷനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേരാണ് 'ഘടികാരം'. ഇതിലെ ഇന്നസെന്‍റ് കഥാപാത്രം 'അരി വറക്കുന്ന' രംഗം ആരും മറക്കാൻ ഇടയില്ല. 'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന പേരിൽ മലയാളത്തിൽ പിന്നീടൊരു സിനിമയും ഉണ്ടായി.
അടുത്തകാലത്ത് പുറത്തിറങ്ങിയ 'ഡ്രൈവിങ് ലൈസൻസ്' എന്ന ചിത്രത്തിലും സിനിമ പ്രതിപാദിക്കുന്നുണ്ട്. കഥയിലെ പൃഥ്വിരാജിന്‍റെ കഥാപാത്രമായ സൂപ്പർസ്‌റ്റാർ ഹരീന്ദ്രന് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് കുരുവിള (സുരാജ് വെഞ്ഞാറമൂട്) എന്ന വെഹിക്കിൾ ഇൻസ്‌പെക്‌ടറുമായി ഉണ്ടാകുന്ന വഴക്കാണ് ചിത്രത്തിന് ആധാരം. ചിത്രത്തിൽ ഹരീന്ദ്രൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഭാഗമായാണ് അദ്ദേഹത്തിന് ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ടതായി വരുന്നത്.