നാളേറെയായി 'ബറോസി'നായുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ബറോസ്' റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.
ഒക്‌ടോബര്‍ 3നാകും 'ബറോസ്' തിയേറ്ററുകളില്‍ എത്തുക. നേരത്തെ സെപ്‌റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോഹന്‍ലാലാണ് പുതിയ റിലീസ് തീയതി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. "2024 ഒക്ടോബർ 3ന് ബറോസ് തന്‍റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ വരുന്നു. നിങ്ങളുടെ കലണ്ടറുകൾ ഒരു മാന്ത്രിക സാഹസികതയ്ക്കായി അടയാളപ്പെടുത്തുക." -ഇപ്രകാരമാണ് മോഹന്‍ലാല്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് 'ബറോസ്'. ജിജോ പുന്നൂസിന്‍റെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ' സംവിധായകന്‍ ജിജോ പുന്നൂസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.