മോഹല്‍ലാല്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായികയായി എത്തുന്നത്. ശോഭന ഒരിടവേളയ്‌ക്ക് ശേഷം നായികയായി തിരികെയെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ ഇഷ്‌ട ജോഡികള്‍ ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്‍റെ പുതിയ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിങ്ങിയ പോസ്‌റ്ററില്‍ മോഹന്‍ലാലും ശോഭനയുമാണ്. ഇരുവരും ഒന്നിച്ച് ചായ കുടിക്കുന്ന ദൃശ്യമാണ് പോസ്‌റ്ററിലുള്ളത്.
മോഹന്‍ലാല്‍, ശോഭന, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എന്നിവര്‍ പോസ്‌റ്റര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. "ചില കഥകൾ തുടരാനുള്ളതാണ്... തുടരും അവതരിപ്പിക്കുന്നു" -എന്ന അടിക്കുറിപ്പോടെയാണ് മൂവരും തുടരും പോസ്‌റ്റര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ ശ്രദ്ധേയമായി. നിരവധി രസകരമായ കമന്‍റുകളാണ് പോസ്‌റ്ററിന് താഴെ കമന്‍റ് ബോക്‌സില്‍ ലഭിച്ചിരിക്കുന്നത്. "മലയാളം കണ്ട എക്കാലത്തെയും മികച്ച ജോഡികള്‍", -എന്നാണ് ഒരാള്‍ കുറിച്ചത്. "90s ലെ എവര്‍ഗ്രീന്‍ കോമ്പോ വീണ്ടും, ലാലേട്ടനും ശോഭനയും തുടരും"- മറ്റൊരാള്‍ കുറിച്ചു. "ഇത് പോലെ സിമ്പിളായ ലാലേട്ടൻ പടത്തിന് വേണ്ടി കുറെയായി കാത്തിരിക്കുന്നു. ഇത് സൈലന്‍റായി വന്ന് സൂപ്പർഹിറ്റ് അടിക്കും. ഉറപ്പാണ്." -ഇപ്രകാരമാണ് ഒരാള്‍ കുറിച്ചത്.
"ചില കഥകള്‍ ഒരിക്കലും അവസാനിക്കില്ല.. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും...", "രണ്ടാളെയും ഒരുമിച്ച് കണ്ടതില്‍ സന്തോഷം.. പടം സൂപ്പര്‍ ആകട്ടെ..", "62 ദിവസം കൂടി, കാത്തിരിപ്പ് തുടരും", "ചായയില്‍ മുക്കിയ റസ്‌ക്കോ റൊട്ടിയോ", "കുടുംബ ജീവിതത്തിൽ ഏറെ ഉത്ക്കണ്‌ഠകളും, പ്രതിസന്ധികളും നിറഞ്ഞ കഥാപാത്രം... ലാലേട്ടനിലൂടെ വീണ്ടും. തൻമാത്രയിലെ രമേശനെ പോലെ, ചേർത്തു പിടിയ്ക്കാൻ ഓരോ പ്രേക്ഷകനും ഇതിലെ കഥാപാത്രം ഒരു അനുഭവമാകട്ടെ എന്ന് ആശംസിക്കുന്നു." -അങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.