റായ്‌പൂര്‍: രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യാനാകാത്ത അനുപാതത്തില്‍ വര്‍ധിക്കുന്നതായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍. ഇത് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പോലും അട്ടിമറിക്കുന്ന തരത്തിൽ ബാധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. റായ്‌പൂരില്‍ 'മികച്ച ഇന്ത്യയുടെ നിര്‍മാണത്തിനുള്ള ആശയങ്ങള്‍' എന്ന വിഷയത്തില്‍ എന്‍ഐടി റായ്‌പൂര്‍, ഐഐടി ഭിലായ്, ഐഐഎം റായ്‌പൂര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സംവദിക്കവെ ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
'അനധികൃത കുടിയേറ്റക്കാരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിന് പേരാണ് രാജ്യത്തേക്ക് അനധികൃതമായി കുടിയേറുന്നത്. ഇത് തീര്‍ച്ചയായും കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കുടിയേറ്റം പ്രതിരോധിക്കാനാകാത്ത വിധം വലിയൊരു വിഷയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റം നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ സാരമായി ബാധിച്ചിരിക്കുന്നു. അവരെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. നമ്മള്‍ കേവലം രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാതെ രാജ്യതാത്‌പര്യത്തിന് മുന്‍ഗണന നല്‍കണം. ഒരു രാജ്യത്തെയും അനധികൃത കുടിയേറ്റക്കാരനെ നമുക്ക് നീതീകരിക്കാനാകില്ല.
ഇത് ലക്ഷക്കണക്കാകുമ്പോള്‍ ഇത് നമ്മുടെ സമ്പദ്ഘടനയെയും ബാധിക്കുന്നു. ഇവര്‍ നമ്മുടെ വിഭവങ്ങള്‍ പരിമിതപ്പെടുത്തുന്നു. തൊഴില്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നു. ഈ പ്രശ്‌നം പരിഹരിക്കാതെ നമുക്ക് ദീര്‍ഘകാലം മുന്നോട്ട് പോകാനാകില്ല. ഓരോ ദിവസം കഴിയുന്തോറും പ്രശ്‌ന പരിഹാരം സങ്കീര്‍ണമാകുകയാണ്. അത് കൊണ്ട് തന്നെ ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചേ തീരൂ എന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാത്തതില്‍ രാജ്യവും യുവാക്കളും ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. നമ്മുടെ രാജ്യത്തിന് കൂടുതല്‍ യോഗ്യതയുള്ള രാഷ്‌ട്രീയക്കാര്‍ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്യാതെ അസ്വസ്ഥതയും ഭിന്നിപ്പും ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റ് ഇടങ്ങളിലൂടെയും പൊതുപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനസംഖ്യയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നമ്മുടെ ദേശീയത അഭിമുഖീകരിക്കുന്ന മറ്റൊരു ഗൗരവമായ പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വഭാവികമായ ജനസംഖ്യ പരിണാമം നല്ലതാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ജനസംഖ്യാ വിസ്‌ഫോടനമാണ് സംഭവിക്കുന്നത്. ഇത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുകയേ ഉള്ളൂ. ഇതും ആശങ്കപ്പെടുത്തുന്ന വിഷയമാണ്.
ഇതിന് പുറമെ പ്രലോഭിപ്പിച്ച് നടത്തുന്ന മതപരിവര്‍ത്തനങ്ങളും നമ്മുടെ രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ഒരാള്‍ക്ക് ഏത് മതത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് പ്രലോഭനങ്ങളിലൂടെയാകരുത്. ഇതും നമ്മുടെ ജനസംഖ്യയുടെ സ്വഭാവിക സ്വഭാവത്തെ മാറ്റിമറിക്കുന്നതാണ്. ഈ വിഷയവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ഭരണഘടനയില്‍ പരാമര്‍ശമുണ്ടെന്നും നിര്‍ദ്ദേശ തത്വങ്ങള്‍ ചൂണ്ടിക്കാട്ടി ധന്‍കര്‍ പറഞ്ഞു. ഭരണ സൗകര്യത്തിനായി ഒരു കടമ നിയമമാക്കി മാറ്റേണ്ടതുണ്ട്. ഉത്തരാഖണ്ഡ് മാത്രമാണ് ഇത് നടപ്പാക്കിയത്. ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്ന ഒരു കാര്യം നിങ്ങള്‍ക്കെങ്ങനെയാണ് ഒഴിവാക്കാനാകുക എന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടനയുണ്ടാക്കിയവര്‍ വളരെ പണ്ഡിതരായിരുന്നു. അവര്‍ നമുക്ക് ചില തത്വങ്ങള്‍ നല്‍കി. നമ്മള്‍ പുരോഗതിയിലേക്ക് പോകുമ്പോള്‍ നമ്മുടെ ജനാധിപത്യം പക്വത ആര്‍ജിക്കുമെന്ന സൂചനയാണ് അവര്‍ നല്‍കിയത്. നമ്മുടെ ജനതയ്ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയണം. അതിലൊന്ന് പൊതു സിവില്‍ കോഡെന്നതാണ്.
നമ്മുടെ പരമാധികാരം ലംഘിക്കപ്പെടാനാകാത്തതാണ്. രാഷ്‌ട്രീയ സമവായത്തിലൂടെ ഇതെല്ലാം സാധ്യമാക്കേണ്ടതുണ്ട്. ഇവിടെ നിരവധി രാഷ്‌ട്രീയ കക്ഷികളുണ്ട്. അവര്‍ക്കെല്ലാം വ്യത്യസ്‌ത പ്രത്യയശാസ്‌ത്രങ്ങളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛത്തീസ്‌ഗഡ് ഗവര്‍ണര്‍ രമണ്‍ ദെക്കാ, മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ്, ഉപമുഖ്യമന്ത്രി വിജയ്‌ശര്‍മ്മ, പാര്‍ലമെന്‍റംഗം തോഖാന്‍ സാഹു, ഭവന-നഗരവികസന സഹമന്ത്രി സുരേഷ് ഹവയര്‍, എന്‍ഐടികളിലെയും ഐഐടികളിലെയും ഐഐഎമ്മിലെയും മേധാവിമാര്‍ തുടങ്ങിയവരും അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.