മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് 'എമ്പുരാന്‍'. 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ 'എമ്പുരാന്‍' വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്ന മോഹന്‍ലാലിന്‍റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
'എമ്പുരാന്‍റെ' ചിത്രീകരണ വിശേഷങ്ങളാണ് മോഹന്‍ലാല്‍ പങ്കുവയ്‌ക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവയ്‌ക്കുന്നത്. സിനിമയുടെ ഗുജറാത്ത് ഷെഡ്യൂളിനെ കുറിച്ചാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നും മഴ കാരണം ഗുജറാത്തിലെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
'ഗുജറാത്തിൽ ഒരു കൊട്ടാരത്തിൽ സെറ്റിട്ട് 250 ആളുകളോളം വർക്ക് ചെയ്‌തു കൊണ്ടിരുന്നപ്പോൾ മഴ കാരണം അവിടത്തെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഫ്ളാഷ്ബാക്കും പ്രെസെന്‍റ് കാലഘട്ടവുമാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. സിനിമക്കായി നിർമിച്ച സെറ്റെല്ലാം ഞങ്ങൾക്ക് അവിടെ ഹോൾഡ് ചെയ്യേണ്ടി വന്നു. ലേ ലഡാക്കിലാണ് ഞങ്ങൾ ചിത്രീകരണം തുടങ്ങിയത്. അവിടന്ന് യുകെ, യു എസ്, കേരള, മദ്രാസ് എന്നിവടങ്ങളിൽ ഷൂട്ട് ചെയ്‌തു. ഇനി മുംബൈ, ഗുജറാത്ത്, ദുബായിൽ ഒക്കെയാണ് ഷൂട്ട് ചെയ്യാനുള്ളത്' -മോഹൻലാൽ പറഞ്ഞു.
'ലൂസിഫര്‍', 'എമ്പുരാന്‍' പോലുള്ള സിനിമകള്‍ എടുക്കാന്‍ നല്ല പ്രയാസമാണ്. സിനിമയെ കുറിച്ച് നല്ല ധാരണയുള്ള സംവിധായകനാണ് പൃഥ്വിരാജെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'എമ്പുരാന്‍റെ' നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏഴാമത്തെ ഷെഡ്യൂളാണ് നിലവില്‍ ഗുജറാത്തില്‍ നടക്കുന്നത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്നതാകും ഏഴാമത്തെ ഷെഡ്യൂള്‍.
Also Read: 'ഖുറേഷി മൊറോക്കോയില്‍', കറുപ്പില്‍ തിളങ്ങി മോഹന്‍ലാല്‍; ചിത്രവുമായി ആന്‍റണി പെരുമ്പാവൂര്‍