മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന 'ബറോസി'ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'ബംബൂസിയ അണ്ടര്‍ വാര്‍ട്ടര്‍' എന്ന പ്രമോ സോങ് ആണ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ഗാനം പങ്കുവച്ചത്.
ഫാന്‍റസി പിരിഡ് ജോണറില്‍ ഒരുങ്ങുന്ന സിനിമ പ്രധാനമായും കുട്ടികള്‍ക്കുള്ളതാണ്. എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഈ ചിത്രം ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മോഹൻലാൽ തന്‍റെ അഭിനയ ജീവിതത്തിന്‍റെ 46 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് 'ബറോസ്' സംവിധാനം ചെയ്യുന്നത്.
കടലിനടിയിലെ കാഴ്‌ചയുടെ പശ്ചാത്തലത്തിലാണ് ബംബൂസിയ ചിത്രീകരിച്ചിരിക്കുന്നത്. കടലിനടിയിലെ ജീവികളും സിനിമയിലെ പ്രധാന കഥാപാത്രമായ ഇസബെല്ലയും തമ്മിലുള്ള ബന്ധമാണ് ഗാനത്തിന്‍റെ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നത്.
സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. പ്രമോ ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് കൃഷ്‌ണദാസ് പങ്കിയാണ്.
മോഹന്‍ലാല്‍, അഞ്ജന പത്മനാഭന്‍, അമൃതവര്‍ഷിണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ബറോസിലെ 'ഇസബെല്ലാ' എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.